ഗ്ലോസ്‌ഗോ: ആഷ്‌ലി ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അതീവ ജാഗ്രതയിൽ സ്‌കോട്‌ലൻഡ്. ചുഴലിക്കറ്റ് കനത്ത നാശനഷ്ടങ്ങൾക്ക് കാരണം ആകാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് മേഖല അതീവ ജാഗ്രതയിൽ തുടരുന്നത്. സ്‌കോട്‌ലൻഡ് തീരം ലക്ഷ്യമിട്ട് എത്തുന്ന ചുഴലിക്കാറ്റിന് മണിക്കൂറിൽ 113 മുതൽ 129 വരെയാകും വേഗത.
കാലാവസ്ഥാ ബോംബ് എന്നാണ് ആഷ്‌ലി ചുഴലിക്കാറ്റിനെ അധികൃതർ വിശേഷിപ്പിച്ചിരിക്കുന്നത്. ബോംബോജെനിസിസ് എന്ന പദത്തിൽ നിന്നാണ് കാലാവസ്ഥാ ബോംബ് അഥവാ വെതർ ബോംബ് എന്ന പദം ഉണ്ടായത്. ശനിയാഴ്ച അറ്റ്‌ലാന്റിക്കിൽ നിന്നും നീങ്ങുന്ന കാറ്റിന്റെ മർദ്ദം കുറയും. ഇത് ഉയർന്ന സ്പ്രിംഗ് വേലിയേറ്റങ്ങളുമായി കൂടിച്ചേരുമ്പോൾ അതിശക്തമായ കാറ്റായി മാറും. ഇതേ തുടർന്നാണ് കാറ്റിന് കാലാവസ്ഥാ ബോംബെന്ന വിശേഷണം ലഭിച്ചത്.
സ്‌കോട്‌ലൻഡിൽ വലിയ മുന്നൊരുക്കങ്ങളാണ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ എടുത്തിരിക്കുന്നത്. ട്രെയിൻ സർവ്വീസകളുടെ വേഗം കുറയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുള്ള പ്രദേശങ്ങളിലും തയ്യാറെടുപ്പുകൾ സജ്ജമാണ്. ഫെറി സർവ്വീസുകൾ പൂർണമായി റദ്ദാക്കി.
വടക്ക്- പടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെയും സ്‌കോട്‌ലൻഡിന്റെയും പടിഞ്ഞാറൻ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് അനുഭവപ്പെടും. വടക്കൻ പ്രദേശങ്ങളിൽ തിങ്കളാഴ്ചയോടെയാകും കാറ്റ് ശക്തിപ്രാപിക്കുക.
Discussion about this post