പാലക്കാട്: ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിനും എതിരെ കോൺഗ്രസ് വിട്ട സ്ഥാനാർഥി ഡോക്ടർ സരിൻ പറഞ്ഞത് സത്യമാണെന്ന് വ്യക്തമാക്കി കോൺഗ്രസ്സിലെ മറ്റു നേതാക്കൾ. ഷാഫി മറ്റുള്ളവരെ വളരാൻ വിടുന്നില്ലെന്ന് കെപിസിസിക്ക് പരാതി നൽകിയിരിക്കുകയാണ് ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീൻ. ഷാഫിക്കെതിരെ സംസാരിച്ച് പാർട്ടി വിട്ടവർ പറയുന്നത് ഗൗരവമുള്ള കാര്യങ്ങളാണെന്ന് ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീൻ ഒരു സ്വകാര്യ മദ്ധ്യമത്തോടാണ് തുറന്നു പറഞ്ഞിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് നേരത്തെ പാർട്ടിക്കുള്ളിൽ ജനാധിപത്യമില്ലെന്ന് ആരോപിച്ച് കോൺഗ്രസ്സിൽ നിന്നും പുറത്തു പോയിരുന്നു. സമാനമായി ഇനിയും ആൾക്കാർ കോൺഗ്രസ്സ് വിടുമെന്നാണ് ഷിഹാബുദ്ധിൻ വ്യക്തമാക്കുന്നത്. നേതൃത്വം ഇടപെട്ട് തിരുത്തിയില്ലെങ്കിൽ വൻ പ്രത്യാഘാതം ഉണ്ടാകും. കഴിവുള്ള ചെറുപ്പക്കാരെ നിഷ്കാസനം ചെയ്യുന്ന സമീപം ഉണ്ട്. ചെറുപ്പക്കാർ പാതിവഴിയിൽ രാഷ്ട്രീയം ഉപേക്ഷിക്കുന്ന സാഹചര്യമാണെന്നും ഷിഹാബുദ്ദീൻ പറഞ്ഞു.
ഇതോടു കൂടെ, സരിൻ പുറത്ത് പോയത് പ്രശ്‌നമില്ലെന്ന് പറഞ്ഞ കോൺഗ്രസ്സ് നേതൃത്വം പെട്ടിരിക്കുകയാണ്. കൂടുതൽ നേതാക്കൾ പുറത്ത് പോവുകയാണെങ്കിൽ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന്റെ വിജയ സാധ്യതയെ അത് പ്രതികൂലമായി ബാധിക്കും എന്ന് ഉറപ്പാണ്. അതെ സമയം കഴിഞ്ഞ തവണ സി പി എം, കോൺഗ്രസ് വോട്ട് കച്ചവടം നടന്നത് കൊണ്ടാണ് ഷാഫി പറമ്പിൽ ജയിച്ചതെന്ന വെളിപ്പെടുത്തലുമായി എൽ ഡി എഫ് സ്ഥാനാർഥി സരിൻ രംഗത്ത് വന്നിരുന്നു.
Discussion about this post