മുംബൈ: ഏറെ ഭീഷണികൾക്കിടയിലാണ് ബോളിവുഡ് താരം സൽമാ ഖാൻ ബിഗ്‌ബോസ് സീസൺ 18 വീക്കന്റ് എപ്പിസോഡിന്റെ ചിത്രീകരണത്തിനായി കഴിഞ്ഞ ദിവസം സെറ്റിൽ എത്തിയത്. തുടരെയുള്ള ഭീകരരുടെ വധഭീഷണിക്കിടയിലും വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് അദ്ദേഹം എത്തിയത്. നടന്റെ അടുത്ത സുഹൃത്തും മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് ശേഷം, താരത്തിന് വൈ പ്ലസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ വീക്കന്റ് എപ്പിസോഡിനിടെ ബിഗ്‌ബോസിലെ മത്സരാർത്ഥികളോട് സൽമാൻ ഖാൻ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
‘സത്യം പറയട്ടെ, ഞാനിപ്പോൾ കടന്നുപോവുന്ന മാനസീകാവസ്ഥ എന്താണെന്ന് പറഞ്ഞുതരാൻ കഴിയില്ല, എന്തായിരുന്നാലും, ഞാൻ അത് നേരിട്ടേ മതിയാവൂ..’ അദ്ദേഹം പറഞ്ഞു. താൻ ജീവിതത്തിൽ ഇത്രയും ദുഷ്‌കരമായ അവസ്ഥയിലൂടെ കടന്നുപോവുമ്പോഴും ഇവരുടെ നിസാര വഴക്കുകൾ നേരിടേണ്ടിവരുന്നുവെന്നും സൽമാൻ ഖാൻ പ്രതികരിച്ചു.
ഇന്ന് താനിവിടെ വരാൻ പാടില്ലായിരുന്നുവെന്ന് തോന്നുന്നു. എങ്കിലും ഇതൊരു കമ്മിറ്റ്‌മെന്റ് ആണ്. അതുകൊണ്ടാണ് ഇന്ന് ഇവിടെ എത്തിയതെന്നും ബിഗ് ബോസ് മത്സരാർത്ഥിയും നടനുമായ ശിൽപ്പ ഷിരോദ്കറിനോട് സൽമാൻ ഖാൻ പറഞ്ഞു.
ഈ ആഴ്ചയിലെ എപ്പിസോഡിലുടനീളം താരം അൽപ്പം ഗൗരവത്തിലാണ് നിന്നിരുന്നത്. തനിക്കെതിരെ നിരന്തരമായി വരുന്ന വധഭീഷണിയും അടുത്ത സുഹൃത്തിന്റെ മരണവും താരത്തെ വളരെ അസ്വസ്ഥനാക്കിയിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
അതിനിടെ സൽമാൻ ഖാനോട് വിവാഹാഭ്യർത്ഥന നടത്തിക്കൊണ്ട് നടൻ ചാഹത്ത് പാണ്ഡേ, അന്തരീക്ഷം അൽപ്പം തണുപ്പിച്ചു. കരൺവീർ മെഹറയുടെ ശരീരത്തിക്കുറിച്ച് പ്രശംസിക്കുന്നതിനിടെ, ‘സർ താങ്കൾ എന്നെ വിവാഹം കഴിക്കാമോ’ എന്ന് ചാഹത്ത് സൽമാൻ ഖാനോട് ചോദിക്കുകയായിരുന്നു. ‘താങ്കൾ പറഞ്ഞ ഗുണങ്ങൾ ഒന്നും എനിക്കില്ല. മാത്രമല്ല, നിങ്ങളുടെ അമ്മയുമായി ഞാൻ ഒരിക്കലും പൊരുത്തപ്പെടില്ല’ – സൽമാൻ ചിരിച്ചുകൊണ്ടി മറുപടി പറഞ്ഞു.
Discussion about this post