ന്യൂഡൽഹി: യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ചില സാധനങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടാണ് റെയിൽവേ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചില സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോയാൽ, ജയിൽ ശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ദീപാവലി പോലുള്ള ആഘോഷങ്ങൾ അടുത്തതിെന തുടർന്നാണ് ഇന്ത്യൻ റെയിൽവേ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ദീപാവലി അവധിക്കു നാട്ടിലേക്ക് പോവുമ്പോൾ യാത്രക്കാർ പടക്കങ്ങൾ കൊണ്ടുപോവാൻ സാധ്യത ഏറെയാണ്. എന്നാൽ, തീവണ്ടികളിൽ പടക്കങ്ങൾ കൊണ്ടുപോവുമ്പോൾ അപകട സാധ്യത കൂടുതലായതു കൊണ്ട് ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് റെയിൽവേ. റെയിൽ വേ നിയമപ്രകാരം ഇവ ട്രെയിനിൽ കയറ്റുന്നത് കുറ്റകരമാണ്. യാത്രക്കാരുടെ ബാഗുകളിൽ ഇവ കണ്ടെത്തുന്ന പക്ഷം, 1000 രൂപ പിഴയോ മൂന്ന് വർഷം വരെ തടവോ അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചോ ലഭിച്ചേക്കും.
പടക്കങ്ങൾക്ക് പുറമേ, ഗ്യാസ് സ്റ്റൗ, സിലിണ്ടർ, കത്തുന്ന വസ്തുക്കൾ, ആസിഡുകൾ, ദുർഗന്ധം ഉള്ള വസ്തുക്കൾ എന്നിവയും ട്രെയിനിൽ കയറ്റുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ തീപിടുത്തം ഉണ്ടാക്കുമെന്നത് കൊണ്ട് മാത്രമല്ല, സഹയാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും ട്രെയിനിന് കേടുപാടുകൾ ഉണ്ടാക്കുന്നതുകൊണ്ടുമാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾ റെയിൽ വേയുടെ ഔദ്യോഗിക പേജിൽ ലഭ്യമാണെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
Discussion about this post