കണ്ണൂർ: പൊതുമധ്യത്തിൽ മാധ്യമങ്ങളുടെ മുന്നിൽ വച്ച് അപമാനിക്കപ്പെട്ടതിനെ തുടർന്ന് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിച്ചു കളി തുടർന്ന് സി പി എം. പ്രതി ചേർത്ത് അഞ്ച് ദിവസം കഴിഞ്ഞിട്ടും പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്. ഇതോടു കൂടെ ഇരയോടൊപ്പം നിൽക്കുകയും വേട്ടക്കാരനെ സംരക്ഷിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് ഇടതുപക്ഷം ചെയ്യുന്നതെന്ന വിമർശനം രൂക്ഷമാകുന്നു.
അതേസമയം ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വാദം കേൾക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. ജില്ലാ കളക്ടറുടെ മൊഴിയും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. എഡിഎമ്മിന്‍റെ ആത്മഹത്യയിലേക്ക് നയിച്ച കാരണമറിയാൻ ദിവ്യയുടെ മൊഴി നിർണായകമെന്നിരിക്കെ, റവന്യൂ വകുപ്പ് അന്വേഷണത്തിലും അവർക്ക് സാവകാശം നൽകിയിരിക്കുകയാണ്.
കൃത്യം ഒരാഴ്ച്ച മുമ്പാണ് കണ്ണൂർ കളക്ടറേറ്റിൽ യാത്രയയപ്പ് യോഗത്തിൽ അധിക്ഷേപ വാക്കുകളും ആരോപണങ്ങളും കേട്ട് മനസ്സ് തകർന്ന് കണ്ണൂർ എ ഡി എം നവീൻ ബാബു ഔദ്യോഗിക ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയത്. ഇതിനെ തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പ്രതി ചേർത്ത പി പി ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല.
പ്രതിയായിട്ടും പ്രതിഷേധമുണ്ടായിട്ടും ദിവ്യക്ക് സാവകാശം നൽകുകയാണ് പൊലീസ്. എഫ്ഐആറിൽ പേര് ചേർത്തിട്ട് തന്നെ അഞ്ച് ദിവസം കഴിഞ്ഞു. പത്ത് വർഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവരുടെ മുഴുവൻ മൊഴിയെടുത്തിട്ടും പി പി ദിവ്യയിലേക്ക് മാത്രം പൊലീസ് എത്തിയില്ല.
എഡിഎമ്മിനെതിരെ ആരോപണമുന്നയിച്ചത് എന്തിന്? കൈക്കൂലി പരാതിക്ക് തെളിവെന്ത് പെട്രോൾ പമ്പിന്‍റെ എൻഓസിയിൽ താത്പര്യമെന്ത്? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കാണ് ദിവ്യയിൽ നിന്നും ഉത്തരം കിട്ടേണ്ടത്.
Discussion about this post