കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങളില്‍ മരണപെട്ടവർ ഉണ്ടെങ്കിൽ ഉടന്‍ തന്നെ അവരുടെ പേര് നീക്കം ചെയ്യാൻ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നിർദ്ദേശം. പേരുകള്‍ നീക്കം ചെയ്യാന്‍ ജില്ല സിവില്‍ സപ്ലൈസ്വകുപ്പാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. കേരളത്തിന് പുറത്തുള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാല്‍ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില പിഴയായിഈടാക്കാനാണ് തീരുമാനം. റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിർദ്ദേശം വന്നിരിക്കുന്നത്.
മരണപ്പെട്ടവരുടെ പേരുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കാവുന്നതാണ്. കേരളത്തിന് പുറത്തുള്ളവരുടെ വിവരങ്ങള്‍ എന്‍.ആര്‍.കെ പട്ടികയിലേയ്ക്ക് മാറ്റാനാവും. ജീവിച്ചിരിക്കുന്നവരുടെ റേഷൻ വിഹിതം മസ്റ്ററിംഗ് ചെയ്യാത്തതിന്റെ പേരില്‍ നഷ്ടമാകാതിരിക്കാന്‍ കൂടിയാണ് മരിച്ചവരുടെത് നീക്കാന്‍ നടപടിയെടുക്കുന്നത്.
പിങ്ക്, നീല കാര്‍ഡുകള്‍ക്ക് ആളെണ്ണം നോക്കിയാണ് വിഹിതം നൽകുന്നത്. അതേസമയം മഞ്ഞ, വെള്ള കാര്‍ഡുകള്‍ക്ക് അങ്ങനെയല്ല . അതിനാല്‍ ആരെങ്കിലും മരിച്ചാലും വിഹിതത്തില്‍ മാറ്റമുണ്ടാവില്ല.
Discussion about this post