തിരുവനന്തപുരം: കേരളത്തിൽ തേങ്ങ വില കുതിച്ചുകയറുന്നു. വീടുകളിലെ പറമ്പുകളിൽ നിന്നും തെങ്ങുകളെല്ലാം അപ്രത്യക്ഷമായതോടെ വലിയ വില നൽകി തേങ്ങ വാങ്ങേണ്ട അവസ്ഥയിലാണ് മലയാളികൾ. ഒരു കിലോ പച്ചത്തേങ്ങയുടെ നിലവിലെ ചില്ലറ വില 60 മുതൽ 65 രൂപ വരെയാണ്. ഈ മാസം ആദ്യം 74 രൂപയായിരുന്നു തേങ്ങവില. ഇത് കുറഞ്ഞാണ് ഇപ്പോൾ നിലവിലെ വിലയിലേക്ക് എത്തിയിരിക്കുന്നത്.
വില കുറഞ്ഞത് മലയാളികൾക്ക് ആശ്വാസമായെങ്കിലും ഇൗ വിലയിൽ നിന്നും ഇനി കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. മെയ് മാസത്തിൽ 27 രൂപ മുതൽ 32 രൂപ വരെയായിരുന്ന വിലയാണ് ഇപ്പോൾ ഇരട്ടിയിലധികമായി മാറിയിരിക്കുന്നത്.
തേങ്ങ വില വർദ്ധിച്ചത് വെള്ളച്ചെണ്ണയുടെ വിലയെയും സാരമായി ബാധിച്ചിട്ടുണ്ട്. വെളിച്ചെണ്ണ കിലോക്ക് ഇപ്പോൾ 200 മുതൽ 220 രൂപ വരെയാണ് വില. ബ്രാന്റഡ് വെളിച്ചെണ്ണക്ക് 220 രൂപയിലേറെ കൊടുക്കണം. രണ്ട് മാസം മുമ്പ് 170 മുതൽ 190 രൂപ വരെയായിരുന്നു വെളിച്ചെണ്ണയുടെ വില.
അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് ഇപ്പോൾ വെളിച്ചണ്ണ എത്തുന്നത്. ഇവയിലേറെയും തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്നാണ് എത്തുന്നത്. ഇവിടെ തേങ്ങാ വിലയിൽ വന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്.
Discussion about this post