ഒരു കഷ്ണം മീന് പോലും ഇല്ലാതെ ചോറ് കഴിക്കുക എന്നത് മലയാളികൾക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മീനിന്റെ മണമെങ്കിലും ഇല്ലാതെ ചോറ് കഴിക്കുന്നത് എങ്ങനെ എന്ന് ചോദിക്കുന്നവർ നമുക്കിടയിൽ ഉണ്ടാകും. അത്രമേൽ പ്രിയമാണ് മീൻ വിഭവങ്ങളോട് നമുക്കുള്ളത്. എത്ര വിലയാണെങ്കിലും മലയാളിയുടെ തീൻ മേശയിൽ മീൻ കറിയ്ക്കും വറുത്ത മീനിനും സ്ഥാനം കാണും.
ട്രോളിംഗ് കാലം എന്നത് നമ്മളെ സംബന്ധിച്ച് മീനുകളുടെ ക്ഷാമകാലമാണ്. മാത്രവുമല്ല ലഭിക്കുന്ന മീനുകൾക്ക് ആകട്ടെ വലിയ വിലയും നൽകണം. സുലഭമായി ലഭിക്കുന്ന മത്തിയും അയിലയുമെല്ലാം 300 ഉം 400 ഉം കടന്ന ചരിത്രം ഉണ്ട്. ഈ വില നമ്മളെ സംബന്ധിച്ച് ഞെട്ടിക്കുന്നതാണ്. എന്നാൽ യഥാർത്ഥത്തിൽ ഞെട്ടിയ്ക്കുന്ന വിലയുള്ള മീനുകൾ ഈ ലോകത്തുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
ലോകത്ത് ഏറ്റവും കൂടുതൽ വിലയുള്ള മീനുകളിൽ ഒന്നാണ് ബ്ലൂ ഫിൻ ട്യൂണ. നീണ്ട് കപ്പലിന്റെ ആകൃതിയാണ് ഈ മീനിനുള്ളത്. ലോകത്ത് തന്നെ രുചിയിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന മീന് കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ വിപണിയിൽ 5000 ഡോളർവരെ അതായത് നാല് ലക്ഷം രൂപ വരെ നൽകേണ്ടിവരും.
അമേരിക്കൻ ഗ്ലാസ് ഈലിന് ഏറ്റവും വിലകൂടിയ മത്സ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് ഉള്ളത്. വടക്കൻ അമേരിക്കയുടെ കിഴക്ക്- വടക്ക് തീര മേഖലയിൽ മാത്രമാണ് ഈ മീനുകൾ കൂടുതലായി കാണപ്പെടുക. അതുകൊണ്ടാണ് ഇവയ്ക്ക് അമേരിക്കൻ ഗ്ലാസ് ഈൽ എന്ന പേര് ലഭിച്ചത്. നാല് അടിവരെ നീളത്തിൽ വളരാൻ ഈ മീനുകൾക്ക് കഴിയും. ഗ്ലാസിന്റേതിന് സമാനമാണ് ഇവയുടെ ശരീരം. മൂന്ന് അഞ്ച് വരെയാണ് ശരീരത്തിന്റെ വലിപ്പം. രുചിയിൽ കേമനായ അമേരിക്കൻ ഗ്ലാസ് ഈൽ വാങ്ങണം എങ്കിൽ 3000 ഡോളർ അഥവാ രണ്ടര ലക്ഷം രൂപ നൽകണം.
ദേഹത്ത് ധാരാളം മുള്ളുകളുള്ള മീനാണ് പഫർഫിഷ്. രൂപം കണ്ടാൽ ഇതിനെ എങ്ങനെ തിന്നുമെന്ന് തോന്നും എങ്കിലും അപാര രുചിയാണെന്നാണ് പറയപ്പെടുന്നത്. ലോകത്തെ തന്നെ ഏറ്റവും അപകടകാരിയായ മീനുകളിൽ ഒന്ന് കൂടിയാണ് പഫർഫിഷ്. ഇതിന്റെ മുള്ളുകളിൽ വിഷമാണ്. അതുകൊണ്ട് തന്നെ ഈ മീനിനെ സൂക്ഷിച്ച് പിടിയ്ക്കുകയും പാകം ചെയ്യുകയും വേണം. അമേരിക്കയിൽ 50ൽ താഴെ ഹോട്ടലുകളിൽ മാത്രമാണ് പഫർഫിഷുകൊണ്ടുള്ള വിഭവങ്ങൾ ലഭിക്കുക. 200 ഡോളറാണ് ഇതിന് വില.
സാൽമൺ മീനുകൾ നമ്മുടെ നാട്ടിൽ ലഭിക്കുന്ന ഒന്നാണ്. ഇതിന്റെ വർഗ്ഗത്തിൽപ്പെട്ട അലാസ്‌കൻ കിംഗ് സാൽമനാണ് ലോകത്തെ ഏറ്റവും വിലയേറിയ മീനുകളിൽ ഒന്ന്. അലാസ്‌കയിലാണ് ഈ മീനുകൾ കാണപ്പെടുക. രുചിയിൽ കേമനായ ഈ മീനുകൾ പണം നോക്കാതെ കഴിക്കുന്നവരാണ് ഭൂരിഭാഗവും. ആരോഗ്യഗുണത്തിനും ഈ മീനുകൾ ഒരുപടി മുൻപിലാണ്. 70 ഡോളറാണ് ഈ മീനുകളുടെ വില.
വാളിന്റേതിന് സമാനമായ മൂക്കോട് കൂടിയ സ്വോർഡ് ഫിഷാണ് ഏറ്റവും വിലകൂടിയ മത്സ്യങ്ങളുടെ പട്ടികയിലെ മറ്റൊരു താരം. 91 കിലോ വരെ ഭാരം വയ്ക്കുന്നവയാണ് ഈ മീനുകൾ. 60 ഡോളർ നൽകിയാൽ മാത്രമേ ഈ മീനിനെ രുചിയ്ക്കാൻ നിങ്ങൾക്ക് കഴിയുയുള്ളൂ.
Discussion about this post