ജയ്പൂർ: ഐസ്‌ക്രീമിനെ പാലുത്പന്നമായി കണക്കാക്കാൻ വിസമ്മതിച്ച് രാജസ്ഥാനിലെ ജിഎസ്ടി അതോറിറ്റി. ഐസ്‌ക്രീമിൽ പാലിനെക്കാൾ കൂടുതൽ അടങ്ങിയിരിക്കുന്നത് പഞ്ചസാരയാണ്. അതുകൊണ്ട് തന്നെ പാലുത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ജിഎസ്ടി ഐസ്‌ക്രീമിന് ബാധകമാകില്ലെന്നും ജിഎസ്ടി വകുപ്പ് വ്യക്തമാക്കുന്നു. വിആർബി എന്ന ഐസ്‌ക്രീം കമ്പനി നൽകിയ അപേക്ഷയിൽ ആണ് ജിഎസ്ടി വകുപ്പിന്റെ നിലപാട്.
കമ്പനിയുടെ ഐസ്‌ക്രീമിന് 18 ശതമാനം ജിഎസ്ടിയാണ് വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് പാലിനും പാലുത്പന്നങ്ങൾക്കും എല്ലാം അഞ്ച് ശതമാനം ആണ് ജിഎസ്ടി. ഇത് ചൂണ്ടിക്കാട്ടി ഐസ്‌ക്രീമിന്റെ നികുതിയും കുറയ്ക്കണം എന്ന് കമ്പനി ആവശ്യപ്പെടുകയായിരുന്നു. പ്രകൃതിദത്തമായ പാൽ ഉപയോഗിച്ചാണ് ഐസ്‌ക്രീം നിർമ്മിക്കുന്നത്. അതിനാൽ പാലുത്പന്നങ്ങളുടെ ജിഎസ്ടി ഏർപ്പെടുത്തണം എന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വകുപ്പ് ഈ അപേക്ഷ തള്ളുകയായിരുന്നു.
ഐസ്‌ക്രീമിലെ പ്രധാന ഘടകം പാലല്ല പഞ്ചസാരയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജിഎസ്ടി അതോറിറ്റി അപേക്ഷ തള്ളിയത്. ഐസ്‌ക്രീമുകളിൽ 61 ശതമാനവും പഞ്ചസാരയാണ്. ബാക്കി 34 ശതമാനം മാത്രമാണ് പാലുള്ളത്. ഇതിന് പുറമേ കളർ ഉൾപ്പെടെയുള്ള വസ്തുക്കളും ചേർക്കാറുണ്ട്. അതുകൊണ്ട് തന്നെ പൂർണമായും ഐസ്‌ക്രീം പാലുത്പന്നം ആണെന്ന് പറയാൻ കഴിയില്ല എന്നും ജിഎസ്ടി അതോറിറ്റി വ്യക്തമാക്കുന്നു.
Discussion about this post