ആഗോളതലത്തില്‍ മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. തിരിച്ചറിയാന്‍ പ്രയാസപ്പെടുന്ന തരത്തില്‍ ചെറിയ ലക്ഷണങ്ങളില്‍ തുടങ്ങി തീവ്രമാകുന്ന രോഗാവസ്ഥയാണ് ഡിമെന്‍ഷ്യ. ലോകമെമ്പാടും ഏതാണ്ട് 55 ദശലക്ഷക്കണക്കിന് ആളുകള്‍ ഇന്ന് ഏതെങ്കിലും തരത്തിലുള്ള ഡിമെന്‍ഷ്യ ബാധിതരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്താണ് ഈ രോഗത്തിലേക്ക് നയിക്കുന്ന പ്രധാനഘടകം. ഇത് ഏകാന്തതയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍ . പ്രായമോ ലിംഗഭേദമോ ഇല്ലാതെ ഏകാന്തത അനുഭവിക്കുന്നവരില്‍ ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 30 ശതമാനമാണെന്ന് ദി ജേണല്‍ നേച്ചര്‍ മെന്റല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച റിവ്യൂ പഠനത്തില്‍ പറയുന്നു.
ആറ് ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത 21 ദീര്‍ഘമായ പഠനങ്ങള്‍ വിലയിരുത്തിയാണ് റിവ്യൂ പഠനം തെയ്യാറാക്കിയത്. ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ ദൈനംദിന പ്രവര്‍ത്തനങ്ങളെ വരെ ബാധിക്കും. ഏകാന്തത നേരിട്ട് രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നില്ലെങ്കിലും സമൂഹത്തില്‍ നിന്ന് അകന്നു എന്ന തോന്നല്‍ ഉണ്ടാകുന്നത് വ്യക്തികളില്‍ അപകടഘടകമാകുന്നു.
ഡിമെന്‍ഷ്യയിലെ ഏതാണ് 60-70 ശതമാനവും അല്‍ഷിമേഴ്സ് ആണ്. ഏകാന്തത അല്‍ഷിമേഴ്‌സിനുള്ള സാധ്യത 39 ശതമാനം വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി. കൂടാതെ ഏകാന്തത അനുഭവിക്കുന്നത് വാസ്‌ക്കുലാര്‍ ഡിമെന്‍ഷ്യയ്ക്കുള്ള സാധ്യത 73 ശതമാനവും വൈജ്ഞാനിക തകര്‍ച്ചയ്ക്കുള്ള സാധ്യത 15 ശതമാനവുമായി വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു.
ഓര്‍മക്കുറവ്,തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്നപരിഹാരത്തിനുള്ള കഴിവ് കുറവ്, പരിചിതമായ സ്ഥലങ്ങള്‍ മറന്നുപോവുക, പരിചയമുള്ള വസ്തുക്കളെ വിശേഷിപ്പിക്കുവാന്‍ അപരിചിതമായ വാക്കുകള്‍ ഉപയോഗിക്കുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകള്‍ മറക്കുക, പഴയ ഓര്‍മകള്‍ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ തുടങ്ങി പലതരം ലക്ഷണങ്ങള്‍ ഡിമെന്‍ഷ്യ ബാധിതരില്‍ കാണാനാവുമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ പട്ടികയില്‍ പറയുന്നു.
Discussion about this post