കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരിക്കുന്ന മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ ഒരു മുൻകാല ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ എടുത്തിരിക്കുന്ന ചിത്രം നിലവിലെ സാഹചര്യത്തിൽ വലിയ ട്രോളുകളാണ് നേരിടേണ്ടി വരുന്നത്. പി പി ദിവ്യ ആത്മഹത്യാ പ്രതിരോധ ദിനം ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രമാണ് ഈ ട്രോളുകൾക്ക് വഴി വെച്ചിട്ടുള്ളത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 10ന് കണ്ണൂർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണം ഉദ്ഘാടനം ചെയ്തത് പി പി ദിവ്യ ആയിരുന്നു. എന്നാൽ ഒരു മാസത്തിനിപ്പുറം അതേ പി പി ദിവ്യ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ഒളിവിൽ കഴിയുകയാണ് എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. വലിയ ട്രോളുകളാണ് ഇപ്പോൾ പി പി ദിവ്യയുടെ ഈ ചിത്രത്തിനെതിരെ ഉയരുന്നത്.
അതേസമയം എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയെ ചോദ്യം ചെയ്യാൻ പോലീസ് ഇതുവരെയും തയ്യാറായിട്ടില്ല. ദിവ്യ എവിടെ എന്ന ചോദ്യത്തിനും ഉത്തരമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പി പി ദിവ്യയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയെങ്കിലും കേസന്വേഷണത്തിൽ കണ്ണൂർ പോലീസ് അലംഭാവം തുടരുകയാണ്.
Discussion about this post