മോസ്‌കോ : പശ്ചിമേഷ്യയിൽ നടക്കുന്ന വിവിധ സംഘർഷങ്ങളിൽ ഇന്ത്യയുടെ ഇടപെടൽ അനിവാര്യമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ. എല്ലാ കക്ഷികളുമായും മികച്ച ബന്ധം നിലനിർത്തുന്ന രാജ്യമാണ് ഇന്ത്യ. നിലവിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഇന്ത്യയുടെ ഇടപെടലിന് ആവും എന്നും പെസഷ്കിയൻ പ്രത്യാശ പ്രകടിപ്പിച്ചു.
റഷ്യയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി മോദിയും ഇറാൻ പ്രസിഡൻ്റ് പെസെഷ്‌കിയനുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
ചബഹാർ തുറമുഖം, ഇൻ്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ (ഐഎൻഎസ്‌ടിസി) തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിൽ പരസ്പരം സഹകരിക്കുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.
മെയ് മാസത്തിൽ ഹെലികോപ്റ്റർ അപകടത്തിൽ മുൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തെത്തുടർന്നാണ് മസൂദ് പെസഷ്കിയൻ ഇറാൻ പ്രസിഡണ്ടായി അധികാരത്തിലെത്തിയത്. നിലവിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഇന്ത്യയുടെ ഇടപെടൽ ഇറാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ബ്രിക്സ് ഉച്ചകോടിയ്ക്കിടെ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്കണ്ഠ രേഖപ്പെടുത്തി. റഷ്യ-യുക്രൈൻ യുദ്ധത്തിലും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ഭാഗത്തുനിന്നും ഇനിയും ഉണ്ടാകുമെന്നും മോദി അറിയിച്ചു. നാളെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുന്നതാണ്.
Discussion about this post