പക്ഷികളിൽ വച്ച് സുന്ദരനാണ് മയിലുകൾ… നിറങ്ങൾ ചാലിച്ച് പീലികൾ വിരിച്ച് നൃത്തം വക്കുന്ന മയിലുകളെ കാണാൻ ഇഷ്‌പ്പെടാത്ത ആരും ഉണ്ടാകില്ല. എന്നാൽ, നമ്മുടെ ഭൂമിയിൽ ഒരു ഇത്തിരിക്കുഞ്ഞൻ മയിലുണ്ട്. വെറും 4മുതൽ 5 മില്ലി മീറ്റർ വരെ മാത്രം വലിപ്പമുള്ളവ.
മയിൽ ചിലന്തി അഥവ പീകോക്ക് സ്‌പൈഡറിനെ കുറിച്ചാണ് പറയുന്നത്. പേരു പോലെ തന്നെ മയിലിന്റേതിനെ പോലെ രൂപസാദൃശ്യമുള്ളവയാണ് മയിൽ ചിലന്തികളും. ഓസ്‌ട്രേലിയയിൽ കാണുന്ന ചിലന്തി വർഗമാണ് മയിൽ ചിലന്തികൾ. 113 സ്പീഷീസുകളുള്ള ചിലന്തി വർഗമാണ് ഇവ.
നിറങ്ങൾ കൊണ്ടും ഇണചേരൽ രീതി കൊണ്ടും ഏറെ പ്രത്യേകതകൾ ഉള്ളവയാണ് മയിൽ ചിലന്തികൾ. തന്റെ ഇണയെ ആകർഷിക്കാനാണ് ആൺ മയിലുകൾ പീലി വിരിച്ച് നൃത്തം ചെയ്യുന്നത്. മയിലുകളുടേത് പോലുള്ള ഇണചേരൽ രീതി തന്നെയാണ് മയിൽ ചിലന്തികളും. നിറങ്ങൾക്കും കോർട്ട്ഷിപ്പ് നൃത്തങ്ങൾക്കും പേരു കേട്ട മയിൽ ചിലന്തികൾ അവയുടെ ഇണയെ ആകർഷിക്കാനാണ് ഈ രണ്ടു കഴിവുകളും ഉപയോഗിക്കുന്നത്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങള!ിലാണ് ഇവയുടെ ഇണചേരൽ സമയം. ഈ സമയം, ഇണകളെ ആകർഷിക്കാൻ അവർ അവയുടെ ശരീരത്തിലെ വിവധങ്ങളായ നിറങ്ങളെ പുറത്തെടുക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു.
മയിൽ ചിലന്തികളുടെ ഇനത്തിൽ പെട്ട ഏറ്റവും പുതിയ ചിലന്തിയിനത്തെ പെർത്ത് നഗരത്തിൽ രണ്ട് വർഷം മുമ്പ് കണ്ടെത്തിയിരുന്നു. എന്നാൽ, ഗുരുതരമായ വംശഭീഷണിയാണ് ഈ ചിലന്തിയിനങ്ങൾ നേരിടുന്നത്. ഓസ്‌ട്രേലിയയിൽ ഇടക്കിടെ സംഭവിക്കുന്ന ബുഷ്ഫയർ കാട്ടുതീയും വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പുമെല്ലം മയിൽ ചിലന്തികളുടെ വംശനാശത്തിന് കാരണമായിട്ടുണ്ട്.
വംശനായ ഭീഷണി നേരിടുന്നവയാണെങ്കിലും ഭീഷണിനേരിടുന്ന ജീവികളുടെ പട്ടികയിൽ ഓസ്‌ട്രേലിയ ഇവയെ ഉൾപ്പെടുത്താത്തതിനാൽ തന്നെ പ്രത്യേകം സംരക്ഷണയൊന്നും ഇവയ്ക്ക് ലഭിക്കുന്നില്ല. അതിനാൽ തന്നെ ഇവയെ സംരക്ഷിത വിഭാഗത്തിൽ പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
Discussion about this post