പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നിർത്തിയിരുന്ന സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവറിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള. ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വമാണ് ഡിഎംകെ പിൻവലിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ അറിയിച്ചു.
പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ വിമർശനവും അൻവർ ഉന്നയിച്ചു. പ്രതിപക്ഷ നേതാവിന് അഹങ്കാരമാണ്. ഞാൻ പറയുന്നതേ നടക്കൂ എന്ന ശാഠ്യമാണ് വി ഡി സതീശന് ഉള്ളത് എന്നും അൻവർ കുറ്റപ്പെടുത്തി. മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ ഡിഎംകെ സർവേ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിയെ പിൻവലിക്കുന്നത് എന്നും അൻവർ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിലെ പലർക്കും അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. അതുപോലെതന്നെ സരിന്റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിൽ ഉള്ളവർ പോലും അംഗീകരിക്കുന്നില്ല. നിലവിൽ രണ്ടിടത്തുനിന്നും വോട്ടുകൾ ബിജെപിക്ക് പോകുന്ന അവസ്ഥയാണ് ഉള്ളത്. കാലങ്ങളായി യുഡിഎഫ് പാലക്കാട്ടെ മുസ്ലിം വോട്ടർമാരെ കബളിപ്പിക്കുകയാണ്. കോൺഗ്രസിനേക്കാൾ കൂടുതൽ തങ്ങളെ സഹായിക്കുന്നത് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ ആണെന്നാണ് പാലക്കാട്ടെ മുസ്ലിം വോട്ടർമാർ പറയുന്നത് എന്നാണ് ഡിഎംകെ നടത്തിയ സർവ്വേയിൽ കണ്ടെത്തിയത് എന്നും പി വി അൻവർ വ്യക്തമാക്കി.
ഒരു മനുഷ്യനെ പരിഹസിക്കാവുന്നതിൻ്റെ അങ്ങേയറ്റമാണ് തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പരിഹസിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് കാല് പിടിച്ച് പറയുകയാണ്. ഇല്ലങ്കിൽ സ്ഥിതി മോശമാവും. ചേലക്കരയിൽ ഡിഎംകെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല എന്നും അൻവർ വ്യക്തമാക്കി.
Discussion about this post