മുംബൈ: വ്യവസായ രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കുന്ന കോടീശ്വരനാണ് മുകേഷ് അംബാനി. കോടികളുടെ ലാഭം മാത്രം ലക്ഷ്യമിട്ട് മാത്രമേ ഏതൊരു സംരംഭത്തിലും അംബാനി കൈ വയ്ക്കൂ എന്നത് ഇതിനോടകം തെളിഞ്ഞിട്ടുള്ള കാര്യമാണ്. അത്തരത്തിൽ ലാഭം കൊയ്യുന്ന അംബാനിയുടെ ഒരു പ്രസ്താനം അടച്ചുപൂട്ടാനൊരുങ്ങുകയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്.
നെറ്റ്ഫ്ളിക്സും ആമസോൺ പ്രൈമും സീ സിനിമയും ഹോട്ട്സ്റ്റാറും ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കുതിച്ച് കയറി നിൽക്കുന്ന സമയത്താണ് റിലയൻസ് ഗ്രൂപ്പ് ജിയോ സിനിമയുമായി രംഗത്തെത്തിയത്. ഒടിടി പ്ലാറ്റ്‌ഫോമുകൾ തമ്മിൽ കടുത്ത മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലേക്ക് ഐപിഎൽ, ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങൾ, ഫിഫ ലോകകപ്പ് തുടങ്ങിയവ സൗജന്യമായി പ്രേക്ഷകരിലേക്ക് എത്തിച്ചായിരുന്നു ജിയോ സിനിമയുടെ അരങ്ങേറ്റം.
എന്നാൽ, രാജ്യത്തെ ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്ന വൻ ഹിറ്റായി മുന്നേറുന്ന ജിയോ സിനിമ അടച്ച് പൂട്ടുന്നതിനെ കുറിച്ച് റിലയൻസ് സജീവമായി തന്നെ ആലോചിച്ച് തുടങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18ന്റെയും സ്റ്റാർ ഇന്ത്യയുടെയും ലയനത്തോടെ ജിയോ സിനിമയുടെ പ്രവർത്തനം അവസാനിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്.
എന്നാൽ, ഇതോടെ മറ്റൊരു വമ്പൻ സർപ്രൈസിലേക്കാണ് റിലയൻസ് കടക്കുന്നത്. ജിയോ സിനിമയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ, സ്റ്റാർ ഇന്ത്യയുടെ ഭാഗമായ ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാർ റിലയൻസിന് സ്വന്തമാകുമെന്നാണ് റിപ്പോർട്ട്. ഒരേ മേഖലയിൽ രണ്ട് കമ്പനികൾ വേണ്ടെന്ന തീരുമാനമാണ് മുകേഷ് അംബാനിക്കുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലയനത്തിന് ശേഷം ജിയോ സിനിമ ഇല്ലാതാകുകയും ഹോട്സ്റ്റാർ ‘ജിയോ ഹോട്സ്റ്റാർ’ ആയി മാറുകയും ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
500 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ ആണ് ഹോട്ട്സ്റ്റാറിന് പ്ലേസ്റ്റോറിലുള്ളത്. എന്നാൽ, അതേസമയം, ജിയോ സിനിമയ്ക്ക് 100 ദശലക്ഷം ഡൗൺലോഡുകളാണുള്ളത്. അടുത്ത വർഷം ആദ്യം മുതൽ കായിക മത്സരങ്ങളുടെ സ്ട്രീമിംഗ് ഉൾപ്പെടെ ജിയോ ഹോട്ട്സ്റ്റാറിലേക്ക് മാറുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
Discussion about this post