മോസ്‌കോ: അതിർത്തിയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നത് ഇരുരാജ്യങ്ങളുടെയും മുൻഗണനയായിരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തിയിലെ സംഘർഷം പരിഹരിക്കാനുള്ള സമീപകാല കരാറിനെ സ്വാഗതം ചെയ്തതിന് പിന്നാലെയായിരുന്നു മോദിയുടെ വാക്കുകൾ. റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. അഞ്ച് വർഷത്തിനിടെ ഇരു നേതാക്കളും തമ്മിലുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.
‘ഇന്ത്യ-ചൈന ബന്ധം നമ്മുടെ ജനങ്ങൾക്ക് മാത്രമല്ല, ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും പുരോഗതിക്കും വളരെ പ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പരസ്പര വിശ്വാസവും ബഹുമാനവും സംവേദനക്ഷമതയും ഉഭയകക്ഷി ബന്ധത്തെ നയിക്കും’ പ്രധാനമന്ത്രി പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഉഭയകക്ഷി ചർച്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
2019 ഒക്ടോബറിൽ മഹാബലിപുരത്താണ് പ്രധാനമന്ത്രി മോദിയും ഷി ജിൻപിങ്ങും തമ്മിൽ അവസാനമായി ഔപചാരിക കൂടിക്കാഴ്ച നടന്നത്.
കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) പട്രോളിംഗ് സംബന്ധിച്ച് ഇന്ത്യയും ചൈനയും ധാരണയിലെത്തിയതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നാല് വർഷത്തിലേറെയായി തുടരുന്ന സൈനിക പോരാട്ടത്തിന് അറുതി വരുത്തുന്നതിലെ ഒരു പ്രധാന വഴിത്തിരിവായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
ഏഷ്യയിലെ ഈ രണ്ടു ഭീമൻ രാജ്യങ്ങൾ വീണ്ടും സഹകരിക്കാൻ തീരുമാനിച്ചാൽ ലോക സമ്പദ് വ്യവസ്ഥയെയും, ലോകക്രമത്തെയും നിർണായകമായി ബാധിക്കുന്ന ഒരു വഴിത്തിരിവിലേക്കാണ് ഇരു രാജ്യങ്ങളും എത്തിയിരിക്കുന്നത്. ഇത് ബ്രിക്സിന്റെ വികാസത്തിലേക്കും അതിലൂടെ പാശ്ചാത്യ രാജ്യങ്ങൾ മേധാവിത്വം പുലർത്തുന്ന നിലവിലെ ലോകക്രമത്തെയും തന്നെ പുനഃക്രമീകരിക്കാൻ പര്യാപതമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post