കൊല്ലം : തമിഴ്നാട് നാഗർകോവിലിൽ മലയാളി കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർതൃമാതാവിന്റെ പീഡനം മൂലമാണ് അധ്യാപികയായിരുന്ന ശ്രുതി ആത്മഹത്യ ചെയ്തത്. പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ശ്രുതിയുടെ ഭർതൃമാതാവ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.
നാഗര്‍കോവിലിലെ ശുചീന്ദ്രത്ത് ആണ് കോളേജ് അധ്യാപികയായ ശ്രുതി ആത്മഹത്യ ചെയ്തത്. കൊല്ലം പിറവന്തൂര്‍ സ്വദേശിയാണ് ശ്രുതി. വൈദ്യുതി വകുപ്പ് ജീവനക്കാരനായ തമിഴ്നാട് സ്വദേശി കാർത്തിക്കിനെ ആണ് യുവതി വിവാഹം ചെയ്തിരുന്നത്. ആറുമാസങ്ങൾക്ക് മുൻപായിരുന്നു വിവാഹം. വിവാഹത്തിന് പിന്നാലെ തന്നെ കഴിഞ്ഞ ആറുമാസമായി ഭർതൃമാതാവ് സ്ത്രീധനത്തിന്റെ പേരിൽ ശ്രുതിയെ അപമാനിക്കുകയും മാനസിക സമ്മർദ്ദത്തിൽ ആക്കുകയും ചെയ്തിരുന്നു എന്നാണ് പരാതി.
10 ലക്ഷം രൂപയും 50 പവൻ സ്വർണവും നൽകിയായിരുന്നു ശ്രുതിയെ വിവാഹം കഴിപ്പിച്ചയച്ചിരുന്നത്. കോയമ്പത്തൂര്‍ പെരിയനായ്ക്കന്‍പാളയത്ത് തമിഴ്നാട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ് ശ്രുതിയുടെ പിതാവ് ബാബു. ശ്രുതിയുടെ മരണവിവരം അറിഞ്ഞ് ശുചീന്ദ്രത്ത് എത്തിയ പിതാവാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസും ആർഡിഒയും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ആരോപണവിധേയയായ ഭർതൃമാതാവ് വിഷം കഴിച്ചത്. ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Discussion about this post