ചെന്നൈ: ഡിവോഴ്‌സുമായി പ്രഖ്യാപനത്തിന് പിന്നാലെയുള്ള അപവാദ പ്രചാരണങ്ങളിൽ മൗനം വെടിഞ്ഞ് നടൻ ജയംരവി. ജനങ്ങളെ എല്ലാം പറഞ്ഞ് മനസിലാക്കാൻ നമുക്ക് കഴിയില്ലെന്ന് നടൻ പറഞ്ഞു. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ പൊതുമാദ്ധ്യമങ്ങൾക്ക് നടുവിലാണ് ജീവിക്കുന്നത്. ഒരു ചായ കുടിച്ചാൽ പോലും ഇത് വിലയിരുത്തപ്പെടുന്ന കാലമാണ് ഇന്ന്. അത് നല്ല രീതിയിലും മോശം രീതിയിലും വിലയിരുത്തപ്പെടുകയും പ്രചരിക്കുകയും ചെയ്യാറുണ്ട്. എല്ലാ കാര്യങ്ങളും മുഖ്യധാരയിലേക്ക് എത്തും. നമുക്ക് ഒരിക്കലും ആ സാഹചര്യം ഒഴിവാക്കാൻ കഴിയില്ല. ആളുകൾക്ക് സിനമ ഇഷ്ടമാണ്. അതുപോലെ സിനിമാ താരങ്ങളെയും. അതുകൊണ്ട് തന്നെ അവർ സിനിമാ താരങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ഇതിൽ നമുക്ക് ആരെയും വിധിക്കാൻ കഴിയില്ല.
ഇന്ന് ചുരുക്കം ചിലർക്ക് മാത്രമാണ് വൈകാരികമായ പക്വത കൈവന്നിരിക്കുന്നത്. എന്റെ മനസും ശരീരവും ആരോഗ്യത്തോടെ സൂക്ഷിക്കേണ്ടത് എന്റെ കർത്തവ്യമാണ്. വ്യക്തികളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് നമുക്ക് ആരെയും പറഞ്ഞ് മനസിലാക്കാൻ കഴിയില്ല. വൈകാരികമായി പക്വത കൈവരിച്ചവർ ഒരിക്കലും അപവാദങ്ങൾ പ്രചരിപ്പിക്കില്ല. മറ്റ് ചിലർക്ക് ഈ വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് അറിയില്ല. തന്റെ സ്വകാര്യതയെ ആണ് ഇവർ ലംഘിക്കുന്നത് ന്നെ് അറിയില്ല. എനിക്ക് എന്നെ അറിയാം. പിന്നെ എന്തിനാണ് മറ്റുള്ളവർ പറയുന്നതിനെക്കുറിച്ച് ഓർത്ത് വേവലാതി പെടുന്നത് എന്നും ജയം രവി വ്യക്തമാക്കി.
Discussion about this post