ചെറുപ്രായത്തിൽ തന്നെ പലതത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്നത്തെ കാലത്തുള്ളവർ. ഇങ്ങനെയുള്ളവരുടെ വാർദ്ധക്യ കാലം എത്രയേറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെന്ന് ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി. എന്നാൽ, ചിട്ടയായ ഭക്ഷണക്രമങ്ങളും വ്യായാമവും ജീവിത ശൈലിയുമെല്ലാം പിന്തുടരുന്നവർ വാർദ്ധക്യത്തിലും ചുറുചുറുക്കോടെ കഴിയുന്നതും കാണാറുണ്ട്. നിങ്ങളെ വാർദ്ധക്യം ബാധിച്ചോ എന്നത് എങ്ങനെയാണ് മനസിലാക്കുക എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ… എന്നാൽ, ഇത് മനസിലാക്കി തരുന്ന ഒരു പഠനമാണ് ഇപ്പോൾ ചർച്ചയാവുന്നത്.
ഒറ്റക്കാലിൽ എത്രസമയം നിങ്ങൾക്ക് നിക്കാൻ കഴിയും എന്നതിനെ അടിസ്ഥാനപ്പെടുത്തി വാർദ്ധക്യം നിങ്ങളെ ബാധിച്ചിട്ടുണ്ടോ എന്നറിയാം എന്നാണ് പഠനം പറയുന്നു. ഹെൽത്ത് കെയർ കമ്പനിയായ മയോ ക്ലിനിക്കിലെ ഒരു കൂട്ടം ഗവേഷകരാണ് പഠനം നടത്തിയത്. 52നും 83നും ഇടയിൽ പ്രായമുള്ള 1,410 പേരെയാണ് പഠനത്തിനായി ഗവേഷകർ തിരഞ്ഞെടുത്തത്. ഇവരിൽ 40 പേർ പൂർണ ആരോഗ്യവാന്മാരാണെന്നും പഠനത്തിൽ പറയുന്നു. ഈ നാൽപ്പത് പേർക്കും ഒരു നിശ്ചിത സമയം വരെ ഒറ്റക്കാലിൽ നിൽക്കാൻ സാധിച്ചുവെന്നും അതുകൊണ്ട് തന്നെ ഇവർക്ക് സന്തുലിതമായ ആരോഗ്യാവസ്ഥയുണ്ടെന്നും ഗവേഷകർ പറയുന്നു.
ഒരു നിശ്ചിതമായ സമയം വരെ ഒറ്റക്കാലിൽ നിൽക്കാൻ കഴിയുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യാവസ്ഥ നിർണയിക്കുന്ന അളവുകോലാണ്.ഇതിലൂടെ ശരീരത്തിന്റെ സന്തുലിതാവസ്ഥ മനസിലാക്കാൻ നമുക്ക് സാധിക്കും. ആരോഗ്യത്തോടെ ജീവിക്കാനും പ്രവർത്തികളിൽ ഏർപ്പെടാനും ഇത് മനുഷ്യനെ സഹായിക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
Discussion about this post