നാളെയ്ക്കുള്ള കരുതലാണ് സമ്പാദ്യങ്ങൾ. ചെറിയ വരുമാനമുള്ളവർക്ക് പോലും അൽപ്പം മിച്ചം വച്ച് നാളെയ്ക്കുള്ള കരുതലുണ്ടാക്കാം.വരുമാനത്തിൽ നിന്നും കുറച്ച് ഭാവിയിലേക്കുള്ള നിക്ഷേപമായി മാറ്റിവയ്ക്കുക എന്നത് ജീവിതത്തിൽ പാലിക്കേണ്ട കാര്യമാണ്. എന്നാൽ ഏത് പദ്ധതിയിൽ നിക്ഷേപിക്കണം, എത്ര തുക നീക്കിവയ്ക്കണം എന്ന കാര്യത്തിൽ എല്ലാവർക്കും ആശയക്കുഴപ്പമാണ്.
സ്ത്രീകളുടെ സമ്പാദ്യശീലം വർദ്ധിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ ഉണ്ട്. സമ്പാദ്യത്തിന് മികച്ച പലിശവരുമാവം ലഭിക്കുന്ന ഒന്നാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. കേന്ദ്രസർക്കാർ 2023 ലാണ് ഈ പദ്ധതി ആരംഭിച്ചത്. സ്ത്രീകളുടേയും പെൺകുട്ടികളുടേയും പേരിൽ അക്കൗണ്ട് എടുക്കാം. രണ്ട് വർഷമാണ് നിക്ഷേപ കാലയളവ്. പരമാവധി 2 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ സാധിക്കുക. ഇതിൽ ഒരു സ്ത്രീക്ക് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
രണ്ട് വർഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് ഗുണഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപ തുക ഭാഗികമായി പിൻവലിച്ചാലും അത് നിക്ഷേപകരെ ബാധിക്കില്ല എന്നതാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതിയുടെ മറ്റൊരു പ്രധാന ആകർഷണം. പലിശ ത്രൈമാസത്തിലാണ് കണക്കാക്കുക. ഈ പദ്ധതിയിൽ നിക്ഷേപിക്കുന്ന പണത്തിന് സർക്കാർ 80 സി പ്രകാരം നികുതി ഇളവും നൽകുന്നു.
ഒരു തവണ രണ്ടു ലക്ഷം രൂപ നിക്ഷേപിച്ചാൽ ആദ്യ വർഷം 15,000 രൂപയും രണ്ടാം വർഷം 17,044 രൂപയും റിട്ടേൺ ലഭിക്കും. അതായത്, രണ്ട് വർഷത്തിനുള്ളിൽ 2 ലക്ഷം രൂപയുടെ നിക്ഷേപത്തിന് നിങ്ങൾക്ക് 32,044 രൂപ പലിശ വരുമാനം സ്കീമിന് കീഴിൽ ലഭിക്കും. നിങ്ങൾ 2 ലക്ഷം രൂപ 2 വർഷത്തേക്ക് നിക്ഷേപിച്ചാൽ സ്ത്രീകൾക്ക് കാലാവധി പൂർത്തിയാകുമ്പോൾ 2,32,044 രൂപ ലഭിക്കും. ഒരു ലക്ഷമാണ് മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കുന്നത് എങ്കിൽ ആദ്യ വർഷം 7500 രൂപയും രണ്ടാമത്തെ വർഷം 8062.05 രൂപയും ആണ് ലഭിക്കുക. അങ്ങനെ വരുമ്പോൾ ആകെ 1,15,526.5 രൂപ ലഭിക്കും.
Discussion about this post