മുംബൈ; സൗന്ദര്യവർദ്ധക ചികിത്സയായ ബോട്ടോക്‌സ് ചെയ്ത് തന്റെ ശരീരത്തിന്റെ ഒരുഭാഗം തളർന്നുപോയെന്ന റിപ്പോർട്ടുകൾക്കെതിരെ പ്രതികരണവുമായി ബോളിവുഡ് താരസുന്ദരി ആലിയ ഭട്ട്. താരത്തിന്റെ ബോട്ടോക്‌സ് ശസ്ത്രക്രിയ പാളിയെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. പ്രസവിച്ചതിന് ശേഷം രൂപഭംഗിപോയെന്നും പ്രായക്കൂടുതൽ തോന്നിപ്പിക്കുന്നതിനാൽ ബോട്ടോക്‌സ് ശസ്ത്രക്രിയ ചെയ്യുകയായിരുന്നുവെന്നും വ്യാജവാർത്ത പ്രചരിച്ചു. താരത്തിന്റെ ചിരിയെയും സംസാരരീതിയെയും വിമർശിച്ചുകൊണ്ടും കമന്റുകളും എത്തി.
ഇതിനെല്ലാം എതിരെ രൂക്ഷമായ ഭാഷയിലാണ് താരസുന്ദരി രംഗത്തെത്തിയത്. ഒരു തെളിവുമില്ലാതെയാണ് വ്യാജ വാർത്തകൾ കെട്ടച്ചമയ്ക്കുന്നതെന്നും താരം ആരോപിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ആലിയയുടെ വാക്കുകൾ
കോസ്മെറ്റിക് കറക്ഷനോ സർജറിയോ തെരഞ്ഞെടുക്കുന്നവരെ ഒരു രീതിയിലും ജഡ്ജ് ചെയ്യുന്നില്ല.- നിങ്ങളുടെ ശരീരം നിങ്ങളുടെ ഇഷ്ടം. പക്ഷേ ഇത് വൃത്തികേടിനേക്കാൾ അപ്പുറമാണ്. ഞാൻ ബോട്ടോക്സ് ചെയ്ത് പാളി എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ കറങ്ങി നടക്കുകയാണ്. എന്റെ ചിരി വിരൂപമാണെന്നും സംസാരം പ്രത്യേക തരത്തിലുമാണ് എന്നാണല്ലോ നിങ്ങൾ പറയുന്നത്. ഒരു മനുഷ്യന്റെ മുഖത്തോടുള്ള അതിരൂക്ഷമായ വിമർശനമാണ് അത്. ഇപ്പോൾ നിങ്ങൾ വളരെ ആത്മവിശ്വാസത്തോടെ ശാസ്ത്രീയമായി അവകാശപ്പെടുകയാണ് എന്റെ ഒരു ഭാഗം തളർന്നെന്ന്? നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? ഒരു തെളിവുമില്ലാതെ ഇത്ര ഗൗരവകരമായ കാര്യം നിങ്ങൾക്ക് എങ്ങനെയാണ് പറയാനാവുന്നത്. എന്താണ് ഏറ്റവും മോശം കാര്യമെന്നു വെച്ചാൽ, നിങ്ങൾ യുവാക്കളെ സ്വാധീനിക്കുകയാണ്. ഈ വൃത്തികേടുകളെല്ലാം അവർ വിശ്വസിച്ചു പോയെക്കാം. നിങ്ങൾ എന്തിനാണ് ഇതെല്ലാം പറയുന്നത്. ക്ലിക്ക് ബൈറ്റിനു വേണ്ടിയോ? ശ്രദ്ധ കിട്ടാനോ? ഇതിലൊന്നും ഒരു അർത്ഥവും കാണുന്നില്ലല്ലോ.
സ്ത്രീകളെ വസ്തുവൽക്കരിക്കുകയും ജഡ് ചെയ്യുകയും ചെയ്യുന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം. നമ്മുടെ മുഖവും ശരീരവും വ്യക്തി ജീവിതവും എല്ലാം വിമർശിക്കപ്പെടുകയാണ്. മൈക്രോസ്‌കോപ്പിലൂടെ നോക്കി ഇങ്ങനെ വലിച്ചുകീറാതെ ഓരോ വ്യക്തികളേയും ആഘോഷിക്കണം. ഇത്തരം വിമർശനങ്ങൾ ആളുകളെ വളരെ മോശമായി ബാധിക്കും. ഇതിൽ ഏറ്റവും വിഷമമുള്ള കാര്യം എന്താണെന്നോ? നിരവധി വിമർശനങ്ങൾ വരുന്നത് സ്ത്രീകളിൽ നിന്നാണ്. ജീവിക്കൂ ജീവിക്കാൻ അനുവദിക്കൂ എന്നതിന് എന്താണ് സംഭവിച്ചത്. എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങളില്ലേ? പരസ്പരം വലിച്ചുകീറുന്നതിന്റെ ഭാഗമാവുകയാണോയെന്ന് ആലിയ ചോദിക്കുന്നു.
Discussion about this post