പാലക്കാട് : ശക്തമായ മഴ തുടരുന്ന പാലക്കാട് മലമ്പുഴയിൽ ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു. കലങ്ങി കുത്തി മറിഞ്ഞൊഴുകുന്ന രീതിയിലാണ് ഇപ്പോൾ കല്ലമ്പുഴ കാണപ്പെടുന്നത്. ആനക്കൽ വനമേഖലയ്ക്ക് സമീപത്താണ് ഉരുൾപൊട്ടിയെന്ന് സംശയിക്കുന്നത്.
ശക്തമായ മഴയാണ് നിലവിൽ ഈ പ്രദേശത്ത് ലഭിക്കുന്നത്. ഈ മേഖലയിൽ 2 മണിക്കൂറോളം നിർത്താതെ മഴ പെയ്തു. ജനസാന്ദ്രത കുറഞ്ഞ പ്രദേശമായതിനാൽ നിലവിൽ ജനജീവിതത്തിന് ആശങ്കയില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മലവെള്ളപ്പാച്ചിലിൽ ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
മധ്യ-തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ എട്ടു ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Discussion about this post