ബംഗളൂരു: ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം. നായ്ക്കളെ കല്ലെറിഞ്ഞത്തിന്റെ പേരിൽ തന്നെ മർദ്ദിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തതായി യുവതി പറയുന്നു. ബംഗളൂരുവിലെ രാമമൂർത്തി നഗറിൽ എൻആർഐലെ ഔട്ടിൽ വച്ചായിരുന്നു സംഭവം. യതീഷ് എന്നയാൾക്കെതിരെയാണ് യുവതി പരാതി നൽകിയത്.
എന്നാൽ, സംഭവത്തിൽ പരാതി നൽകിയിട്ടും എഫ്‌ഐആറിൽ പോലീസ് പേര് ചേർത്തിട്ടില്ലെന്ന് യുവതി ആരോപിക്കുന്നു. അജ്ഞാതനായ ഒരാളാണ് അതിക്രമം നടത്തിയതെന്നും ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. ഇത് ചോദ്യം ചെയ്ത് യുവതി കർണാടക ഡിജിപിയ്ക്കും ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്.
ഇരുചക്ര വാഹനത്തിൽ പോവുമ്പോൾ നായ്ക്കൂട്ടങ്ങൾ പിന്നാലെ വരുകയും ഇവയെ കല്ലെറിയുകയുമായിരുന്നു. ഇതു കണ്ടുകൊണ്ട് വന്ന പ്രതി പട്ടികളെ കല്ലെറിഞ്ഞത് എന്തിനാണെന്ന് ചോദ്യം ചെയ്തു. ജീവൻ രക്ഷിക്കാൻ വേണ്ടി ചെയ്തതാണെന്ന് യുവതി പറഞ്ഞപ്പോൾ താൻ ഭക്ഷണം കൊടുത്ത് തീറ്റിപോറ്റുന്ന നായയാണെന്നും ഇതിനെ കല്ലെറിയാൻ സമ്മതിക്കില്ലെന്നും ഇയാൾ പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പട്ടി കടിച്ചാൽ മാത്രം പരാതി പറഞ്ഞാൽ മതിയെന്നും അതിന് മുൻപ് കല്ലെറിയുന്നത് നല്ല രീതിയല്ലെന്നും പറഞ്ഞുകൊണ്ട് ഇയാൾ യുവതിയുടെ മുഖത്തടിക്കുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു.
സംഭവം കണ്ട് ആളുകൾ ഓടിക്കൂടിയെങ്കിലും അവരുടെ മുന്നിൽ വച്ചും ഇയാൾ അപമര്യാദയോടെ പെരുമാറിയെന്നും പരാതിയിൽ പറയുന്നു.
Discussion about this post