ന്യൂഡൽഹി: ഡൽഹി ബർഗർ കിംഗ് വെടിവെയ്പ്പ് കേസിൽ ഗുണ്ടാസംഘം ഹിമാൻഷു ഭൗവിന്റെ വനിതാ കൂട്ടാളി അറസ്റ്റിൽ. ‘ലേഡി ഡോൺ’ എന്നറിയപ്പെടുന്ന അന്നു ധങ്കർ(19) ആണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ ഇന്ത്യ – നേപ്പാൾ അതിർത്തിയിൽ നിന്നാണ് ഇവർ പിടിയിലായത്.
ഡൽഹിയിലെ രജൗരി ഗാർഡൻ ഏരിയയിലുള്ള ബർഗർ കിംഗിലുണ്ടായ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അമൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പിന് പിന്നാലെ അന്ന ധങ്കർ ഒളിവിൽ പോയിരിക്കുകയായിരുന്നു. ധനകർ ഹരിയാനയിലെ റോഹ്തക് നിവാസിയാണ് ഇവർ.
ഈ വർഷം ജൂണിൽ ആണ് വെടിവെയ്പ്പുണ്ടായത്. മൂന്ന് പേർ ചേർന്ന് ബൈക്കിലെത്തി ഒരു സ്ത്രീയോടൊപ്പം ഇരുന്നിരുന്ന അമന് നേരെ വെടിയുതിർക്കുകയായിരുന്നു. അമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സോഷ്യൽ മീഡിയയിലൂടെ അമനുമായി ബന്ധം സ്ഥാപിച്ച് സ്ഥലത്ത് എത്തിച്ചത് അന്നുവാണെന്ന് അന്വേഷണത്തിൽ വ്യക്തമാകുകയായിരുന്നു. അമൻ കൊല്ലപ്പെടുമ്പോൾ ഇയാൾക്കൊപ്പം ഇരുന്നിരുന്നത് അന്നുവാണെന്നും അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ഗുണ്ടാസംഘങ്ങളായ ഹിമാൻഷു ഭൗ, സാഹിൽ റിട്ടോലിയ എന്നിവരുമായി തനിക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ അന്നു വ്യക്തമാക്കി. യുഎസിലേക്ക് രങപ്പെടാൻ അവർ വിസയും മറ്റ് രേഖകളും അന്നുവിന് വാഗ്ദാനം ചെയ്തിരുന്നു. അവിടെ ആഡംബര ജീവിതം നയിക്കാനായിരുന്നു ലക്ഷ്യമെന്നും ചോദ്യം ചെയ്യലിൽ പ്രതി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post