കൊച്ചി; മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ. ഒരുപിടി നല്ല ചിത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ പ്രിയദർശനുമായി ബന്ധപ്പെട്ട് അധികമാരും കേൾക്കാത്ത ഒരു സംഭവകഥ പറയുകയാണ് നിർമ്മാതാവും നടനുമായ ആലപ്പി അഷറഫ്. പ്രിയദർശൻ സംവിധാനം ചെയ്ത മുത്തശ്ശിക്കഥ എന്ന ചിത്രവുമായി ബന്ധപ്പെട്ടതാണ് കഥ.പ്രിയദർശൻ തന്നെ വാക്ക് തന്ന് പറ്റിച്ചുവെന്നാണ് ആലപ്പി അഷറഫ് പറഞ്ഞുവയ്ക്കുന്നത്. പോലീസ് കേസിൽ നിന്ന് രക്ഷിച്ചിട്ട് പോലും പ്രിയദർശൻ തനിക്ക് മോഹൻലാലിനെ വച്ച് ചെയ്ത് തരാമെന്ന് പറഞ്ഞ സിനിമ ചെയ്ത് തന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയായിരുന്ന സൂപ്പർ ഗുഡ് ഫിലിംസിന്റെ ഉടമസ്ഥനായ ആർ.ബി ചൗധരി ഒരുകാലത്ത് എന്റെ വലിയ സുഹൃത്തായിരുന്നു. ഒരു ദിവസം അദ്ദേഹെം എന്നോട്…അഷ്റഫ് നിങ്ങൾ അഞ്ചാറ് സിനിമ പ്ലാൻ ചെയ്യൂ. ഞാൻ ഞെട്ടി.പണത്തിന്റെ കാര്യമൊക്കെ ചൗധരി നോക്കിക്കൊള്ളാമെന്ന് പറഞ്ഞു. അങ്ങനെ കാര്യം ഞാൻ പ്രിയദർശനോടും സുഹൃത്തുക്കളോടും പറഞ്ഞു.
കാര്യം അറിഞ്ഞ് പ്രിയൻ ആദ്യം പടം തനിക്ക് തരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ ചൗധരിക്ക് താൽപര്യമുണ്ടായിരുന്നില്ല. പ്രിയൻ പറ്റിക്കുമെന്നും സത്യൻ അന്തിക്കാടിന് ആദ്യ സിനിമ കൊടുക്കാനും അദ്ദേഹം പറഞ്ഞു. പക്ഷേ എന്റെ നിർബന്ധത്തിൽ പ്രിയന് ആദ്യ സിനിമ നൽകി. 30 ദിവസം കൊണ്ട് ഷൂട്ടിംഗ് തീർത്തുതരാം എന്നായിരുന്നു പ്രിയന്റെ വാക്ക്.ഒരു മുത്തശ്ശിക്കഥ എന്ന പേരിൽ കാസർകോട് ഷൂട്ടിംഗ് ആരംഭിച്ചു. മോഹൻലാലും മമ്മൂട്ടിയും ഒഴികെയുള്ള മിക്ക താരങ്ങളും ചിത്രത്തിൽ ഉണ്ടായിരുന്നു. വിനീത്, നിരോഷ എന്നിവരായിരുന്നു നായകനും നായികയും. ബേക്കൽ ഫോർട്ടിലായിരുന്നു ഷൂട്ട്. കാര്യങ്ങൾ വിചാരിച്ചതിലും വിപരീതമായി ഒമ്പത് ഷെഡ്യൂളിലേക്ക് സിനിമയുടെ ഷൂട്ടിംഗ് നീണ്ടു. ചെറിയ ബഡ്ജറ്റിൽ തീർത്തു തരാമെന്ന് പ്രിയൻ പറഞ്ഞത് വലിയ ബഡ്ജറ്റിലേക്ക് പോയി. പേയ്മെന്റുകൾ മുടങ്ങി. പല സ്ഥലത്തു നിന്നും എനിക്ക് കടം വാങ്ങേണ്ടി വന്നു. ഞാനാകെ തകർന്നടിഞ്ഞുവെന്ന് അഷ്‌റഫ് പറയുന്നു.
ഇതിനിടയിൽ കമ്മിറ്റ് ചെയ്ത ഒരു പ്രോഗ്രാമിന് വേണ്ടി എനിക്ക് അമേരിക്കയിലേക്ക് പോകേണ്ടി വന്നു. എല്ലാം നോക്കികൊള്ളാമെന്ന പ്രിയദർശന്റെയും സുരേഷ് കുമാറിന്റെയും ഉറപ്പിൽ ഞാൻ പോയി. തിരികെ വന്ന് ഷൂട്ടിംഗ് സെറ്റിൽ ചെന്ന ദിവസം ഞാൻ കാണുന്നത് കോട്ടയിലെ ഒരു കെട്ടിടം നിന്നു കത്തുന്നതാണ്. പോലീസും ഫയർഫോഴ്സുമെല്ലാമുണ്ട്. യൂണിറ്റിലെ ഒരു പയ്യന്റെ കൈയിൽ നിന്ന് സംഭവിച്ച അബദ്ധമാണ് തീ കത്താൻ കാരണമായത്. പോലീസ് കേസായി. സെറ്റിലെ എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്ന സ്ഥിതി വന്നു.
ആ അവസരത്തിൽ പ്രൊഡക്ഷൻ മാനേജർ ആയിരുന്ന കബീർ വന്നു പറഞ്ഞു. എങ്ങനെയെങ്കിലും പ്രിയദർശനെ രക്ഷിക്കണം. നമ്മളെ രണ്ടുപേരെയും അറസ്റ്റ് ചെയ്യാൻ പോലീസിനോട് പറയാം എന്നായി കബീർ. പ്രിയന്റെ വരാൻ പോകുന്ന സിനിമകളായിരുന്നു കബീറിന്റെ മനസിൽ.അങ്ങനെ ഉത്തരവാദിത്തം ഞങ്ങൾ രണ്ടുപേരും ഏറ്റെടുത്തു. രാത്രി സ്റ്റേഷനിൽ എന്നെ കാണാൻ പ്രിയദർശൻ വന്നു. ആശ്വസിപ്പിച്ചുകൊണ്ട് ഒരു കാര്യം പ്രിയൻ പറഞ്ഞു. അഷ്റഫേ, വിഷമിക്കണ്ട. മോഹൻലാലിനെ വച്ച് ഒരു പടം ഞാൻ നിനക്ക് ചെയ്തു തരും. മണ്ടനായ ഞാൻ ആ വാക്ക് വിശ്വസിച്ചു. കേസ് വർഷങ്ങളോളം നീണ്ടു. ഓരോ പ്രാവശ്യവും കാസർകോട് കോടതി കയറിയിറങ്ങേണ്ടി വന്നു. ഒടുവിൽ ആ കേസ് വെറുതെ പോയി.ഒരിക്കൽ ലിസിയോട് പ്രിയൻ ചെയ്തു തരാമെന്ന് പറഞ്ഞ സിനിമയെ കുറിച്ച് സൂചിപ്പിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. ”അന്നു പറഞ്ഞതല്ലേ? അതൊക്കെ അന്നേ കഴിഞ്ഞുപോയി. ഇനി നടക്കുന്ന കാര്യമല്ല. എന്ന്.
Leave a Comment