മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിയിൽ സീറ്റ് തർക്കം രൂക്ഷം. കിട്ടിയ സീറ്റുകൾ പോരാ എന്ന് എല്ലാ പാർട്ടികളും നിലപാടെടുക്കുമ്പോൾ സീറ്റ് വിഭജനം വഴിമുട്ടി നിൽക്കുകയാണ്. അതുകൊണ്ട് തന്നെ ശരദ് പവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം മതി ഇനി സീറ്റ് വിഭജനം എന്ന നിലപാടാണ് സഖ്യം എടുത്തിരിക്കുന്നത്.
മഹാരാഷ്ട്രയിൽ സമാജ്‍വാദി പാര്‍ട്ടി കൂടുതൽ സീറ്റ് ചോദിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. അഞ്ച് സീറ്റെങ്കിലും കിട്ടിയില്ലെങ്കിൽ 25 ഇടത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലാണ് സമാജ് വാദി പാർട്ടി. അതേസമയം സമാജ് വാദി പാര്‍ട്ടിക്ക് നിലവില്‍ രണ്ട് എംഎല്‍എമാരാണുള്ളത്. 12 സീറ്റുകള്‍ വേണമെന്നാണ് ആവശ്യം. ഇതിൽ ഏറ്റവും കുറഞ്ഞത് 5 വേണമെങ്കിലും വേണമെന്നാണ് എസ് പി നിർബന്ധം പിടിക്കുന്നത്.
അതേസമയം എസ് പി യെ കൂടാതെ കൂടുതൽ സീറ്റുവേണമെന്ന ശിവസേന ഉദ്ധവ് പക്ഷത്തിന്‍റെ സമ്മർദവും മുന്നണിയെ പ്രതിസന്ധിയിലാക്കുന്നു. 33 സീറ്റുകളിലാണ് ഇപ്പോഴും തര്‍ക്കമുള്ളത്. ഉദ്ധവ് വിഭാഗത്തിന് കൂടുതല്‍ സീറ്റു നല്‍കുന്നതില്‍ രാഹുൽ ഗാന്ധിക്ക് അതൃപ്തിയുണ്ടെന്ന് ചില സംസ്ഥാന കോൺഗ്രസ് നേതാക്കള്‍ അടക്കം പറയുന്നുണ്ട്.
കോൺഗ്രസ് 23 പേരുടെ പട്ടിക കൂടി പുറത്തുവിട്ടതോടെ മോത്തം 71 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി. കോൺഗ്രസിന്റെ മൂന്നാം ഘട്ട പട്ടികയും ഉടനുണ്ടാകാം.
Discussion about this post