പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിന് താല്പര്യം കെ മുരളീധരനെ ആയിരുന്നുവെന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഉപതിരഞ്ഞെടുപ്പില്‍ മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി. നല്‍കിയ കത്തിന്റെ രണ്ടാംപേജാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കത്തില്‍ ഒപ്പുവെച്ച നേതാക്കളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുന്ന പേജാണ് പുറത്തുവന്നത്. ജില്ലയില്‍നിന്നുള്ള മുതിര്‍ന്ന അഞ്ചുനേതാക്കളാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടു കൂടി ഷാഫി പറമ്പിലിന്റെ മാത്രം താത്പര്യപ്രകാരമാണ് രാഹുൽ മാങ്കൂട്ടം സ്ഥാനാർഥിയായിരിക്കുന്നത് എന്ന കാര്യമാണ് വെളിച്ചത്ത് വന്നിരിക്കുന്നത്.
ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന് പുറമേ, മൂന്ന് മുന്‍ ഡി.സി.സി. പ്രസിഡന്റുമാരും ഒരു വനിതാ നേതാവുമാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. വി.കെ. ശ്രീകണ്ഠന്‍ എം.പി, മുന്‍ എം.പി. വി.എസ്. വിജയരാഘവന്‍, കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം സി.വി. ബാലചന്ദ്രന്‍ എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത് ഇവരെ കൂടാതെ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.എ. തുളസിയും കത്തില്‍ ഒപ്പിട്ടവരിൽ ഉണ്ട്.
അതേസമയം ഇപ്പോൾ കത്ത് പുറത്ത് വന്നതിൽ ഗൂഢാലോചനയുണ്ടെന്നും, ഇത് രാഹുൽ മാങ്കൂട്ടത്തിന്റെ വിജയ സാധ്യതയെ വളരെയധികം ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കത്ത് പുറത്തുവന്നതിന്റെ ഞെട്ടലിലാണ് കോൺഗ്രസ് നേതൃത്വം.
Discussion about this post