വയനാട് : പുനരധിവാസ പദ്ധതികൾ വൈകുന്നതിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർ. സർക്കാർ സഹായം വൈകുന്നതിനെതിരെ കഴിഞ്ഞദിവസം ദുരന്തബാധിതർ ജനശബ്ദം ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരം നടത്തുമെന്ന് പ്രഖ്യാപനം.
സമരത്തിന്റെ ഭാഗമായി കളക്ടറേറ്റിനു മുമ്പിൽ ധർണ നടത്താനാണ് ജനശബ്ദം ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ദുരിതവും ആണ് തങ്ങൾ നേരിടുന്നത് എന്നാണ് ചൂരൽ മലയിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി വ്യക്തമാക്കുന്നത്. ദിവസം 300 രൂപ വെച്ചുള്ള സംസ്ഥാന സർക്കാർ സഹായം പോലും കിട്ടാതായതോടെ ഇനി സമരം അല്ലാതെ മറ്റൊരു മാർഗം ഇല്ല എന്നാണ് ദുരന്തബാധിതരുടെ നിലപാട്.
വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൌൺഷിപ്പിനായി എൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കൽ നിയമകുരുക്കിലായിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ദുരന്തബാധിതർ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നത്. ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിരെ എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹർജി കോടതി പരിഗണനയിലാണ്. നവംബർ നാലിന് ആയിരിക്കും ഹർജി പരിഗണിക്കുക. അതുവരെ ഭൂമി ഏറ്റെടുക്കൽ വേണ്ടെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഇതോടെയാണ് ദുരിതബാധിതർ ആക്ഷൻ കമ്മറ്റി രൂപീകരിച്ച് സമരത്തിന് ഒരുങ്ങുന്നത്.
Discussion about this post