തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതിയൊരു അതിഥി കൂടി എത്തി. മാതാപിതാക്കൾ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കാനായി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ഈ മാസം ലഭിക്കുന്ന അഞ്ചാമത്തെ കുഞ്ഞാണിത്.
തിരുവനന്തപുരം തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിലാണ് പുതിയ അതിഥി എത്തിയത്. ഈ മാസത്തെ നാലാമത്തെ പെൺകുഞ്ഞ് കൂടിയാണിത്.
ശനിയാഴ്ച രാത്രി 12.30 നാണ് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ചത്.
2.600 കിലോഗ്രാം ഭാരവും 12 ദിവസം പ്രായവും തോന്നിക്കുന്ന പെൺകുഞ്ഞിനെയാണ് ശനിയാഴ്ച രാത്രി കണ്ടെത്തിയത്. ശിശുദിനവുമായി ബന്ധപ്പെട്ട കലോത്സവ പരിപാടികൾ ആരംഭിക്കാൻ ഇരിക്കുന്നതിനിടയിൽ ലഭിച്ച കുഞ്ഞായതുകൊണ്ട് പ്രതിഭ എന്ന പേര് നൽകിയതായി അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് അമ്മത്തൊട്ടിലുകൾ സ്ഥാപിച്ചതിനു ശേഷം ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളെ ലഭിച്ചിട്ടുള്ളത് തിരുവനന്തപുരത്തുനിന്നും ആണ്. സംസ്ഥാന ശിശുക്ഷേമ സമിതി കഴിഞ്ഞ 19 മാസത്തിനിടയിൽ അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ച 114 കുഞ്ഞുങ്ങളെ നിയമപരമായി ദത്ത് നൽകിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.
Discussion about this post