ഉദുമ: അപൂര്‍വ്വ ചികിത്സാരീതി ഉപയോഗിച്ച് പതിനാറുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ന്യൂമോണിയ സുഖപ്പെടുത്തി ഡോക്ടര്‍മാര്‍. കുഞ്ഞിന്റെ ശ്വാസകോശം കഴുകി (ഹോള്‍ ലങ് ലവാജ്) ജീവിതത്തിലേക്ക് തിരികെപ്പിടിച്ചിരിക്കുകയാണ് ജോധ്പുര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോക്ടര്‍മാരുടെ സംഘം. ഇവരുടെ കൂട്ടത്തില്‍ കാസര്‍കോട്ടെ യുവ ഡോക്ടറുമുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.
അപൂര്‍വ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് ബാര്‍മറില്‍നിന്നുള്ള പെണ്‍കുഞ്ഞിനെ ജോധ്പുര്‍ എയിംസിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിനുള്ളില്‍ ലിപ്പോപ്രോട്ടീന്‍ (സര്‍ഫക്ടന്റ്) പാളി അടിഞ്ഞതിനെ തുടര്‍ന്നുണ്ടാകുന്ന പള്‍മണറി ആല്‍വിയോളാര്‍ പ്രോട്ടീനോസിസ് എന്ന സങ്കീര്‍ണമായ (നീമാന്‍-പിക്ക് ഡിസീസ് ടൈപ്പ് സി-1) രോഗമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് വേറിട്ട ചികിത്സാരീതി സ്വീകരിച്ചത്.
ദിവസം എട്ടുമണിക്കൂര്‍ വീതം രണ്ട് ദിവസങ്ങളിലായി രണ്ട് ശ്വാസകോശപാളികളും കഴുകിയത്. ഒരു ദിവസം ഇതിനായി അഞ്ച് ലിറ്റര്‍ ഗ്ലൂക്കോസ് പോലുള്ള വെള്ളം ഉപയോഗിച്ചുവെന്ന് ഡോ. ഫിര്‍നാസ് പറഞ്ഞു. പടന്ന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ചെമ്പരിക്ക സീവ്യൂ ഹൗസിലെ അബ്ദുള്‍ മജീദ് ചെമ്പരിക്കയുടെയും മിസിരിയുടെയും മകനാണ് ഫര്‍നാസ്.
Discussion about this post