ശ്രീനഗർ: കിഴക്കൻ ലഡാക്കിലെ പിൻവാങ്ങൽ പൂർത്തിയാക്കി ഇന്ത്യയും ചൈനയും. പ്രദേശത്ത് നിന്നും ഇരു രാജ്യങ്ങളും സൈനികരെ പൂർണമായും പിൻവലിച്ചു. സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനിടെ നിർമ്മിച്ച ടെന്റുകളും താത്കാലിക നിർമ്മിതികളും പൊളിച്ച് നീക്കി. കിഴക്കൻ ലഡാക്കിൽ ഇരു സൈന്യങ്ങളുടെയും പട്രോളിംഗ് ഉടൻ ആരംഭിക്കും.
സൈനിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പ്രദേശത്ത് ഇരു രാജ്യങ്ങളുടെയും ആകാശ നിരീക്ഷണം പുരോഗമിക്കുകയാണ്. പിൻവാങ്ങൽ പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഇരു രാജ്യങ്ങളും ആകാശ നിരീക്ഷണം നടത്തുന്നത്. അടുത്ത ദിവസം ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ചൈനീസ് സൈനികർക്ക് ഇന്ത്യൻ സൈന്യം മധുരം നൽകുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
പട്രോളിംഗ് ആരംഭിക്കുന്നത് സംബന്ധിച്ച് വിവിധ സൈനിക തല ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായ ശേഷമേ കിഴക്കൻ ലഡാക്കിൽ ഇരുവിഭാഗം സൈനികരും പട്രോളിംഗ് ആരംഭിക്കുകയുള്ളൂ. ദുർബലമേഖലകളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ചർച്ചകൾ നടത്തുന്നത്.
ഇതിനിടെ ഇന്ത്യ- ചൈന സൈനിക കമാൻഡർമാർ തമ്മിൽ ചർച്ച നടത്തി. ദെസ്പഞ്ച്, ദെമോക് എന്നീ പ്രദേശങ്ങളിലെ പിൻവാങ്ങൽ നടപടികൾ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച. ദെസ്പഞ്ചിലെ പിൻവാങ്ങൽ നടപടികൾ വിലയിരുത്താൻ ചൊവ്വാഴ്ച ഇരു വിഭാഗം സൈനികരും ആകാശ നിരീക്ഷണം പൂർത്തിയാക്കിയിരുന്നു.
2020 ജൂൺ മുതലാണ് കിഴക്കൻ ലഡാക്കിൽ സംഘർഷ സമാനമായ അന്തരീക്ഷം ഉടലെടുത്തത്. ഗാൽവൻ താഴ്‌വരയിൽ പട്രോളിംഗിന് എത്തിയ ഇന്ത്യൻ സൈന്യത്തെ ചൈനീസ് സൈന്യം ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയുണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു സംഘർഷ സാദ്ധ്യത ഉടലെടുത്തത്. നാല് വർഷവും സമാന സാഹചര്യം തുടർന്നു. അടുത്തിടെ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ലഡാക്കിലെ സംഘർഷാവസ്ഥ പരിഹരിക്കപ്പെട്ടത്.
Discussion about this post