ഹൈദരാബാദ്: രാജ്യമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ കൊണ്ടാടുന്ന ഉത്സവമാണ് ദീപാവലി. ഈ ദിനത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മധുര പലഹാരങ്ങൾ. പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ കഴിച്ചും മറ്റുള്ളവർക്ക് നൽകിയും ആണ് നാം ദീപാവലി ആഘോഷപൂർണമാക്കാറുള്ളത്.
ജിലേബി, ലഡ്ഡു, പാൽഗോവ തുടങ്ങിയ മധുരമാണ് സാധാരണയായി രാജ്യത്ത് കണ്ടുവരുന്ന പ്രധാന മധുര പലഹാരങ്ങൾ. ഇവ ഒരു കിലോ വാങ്ങാൻ നമുക്ക് 500 രൂപയിൽ താഴെ മാത്രം ചിലവാക്കിയാൽ മതിയാകും. എന്നാൽ കിലോയ്ക്ക് ഒരു പവൻ സ്വർണത്തിന്റെ വില നൽകേണ്ടിവരുന്ന ഒരു മധുര പലഹാരം നമ്മുടെ രാജ്യത്ത് ഉണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും വിലയേറിയ മധുര പലഹാരം ആണ് ഇത്.
എക്‌സോട്ടികയാണ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ മധുര പലഹാരം. കഴിച്ചവർ ആരും തന്നെ ഇതിന്റെ രുചി മറക്കാൻ വഴിയില്ല. രുചി കൊണ്ടും ലോകപ്രശസ്തി ആർജ്ജിച്ച മധുരം കൂടിയാണ് നമ്മുടെ എക്‌സോട്ടിക. നിർമ്മാണ രീതിയും ഇതിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുമാണ് എക്‌സോട്ടികയെ ഇത്ര വിലേയറിയത് ആക്കുന്നത്.
അഫ്ഗാനിസ്താനിൽ നിന്നുള്ള പിസ്ത, തുർക്കിയിൽ നിന്നുള്ള ഹേസൽനട്ട്‌സ്, ഇറാനിൽ നിന്നുള്ള ബദാം, അമേരിക്കയിൽ നിന്നുള്ള ബ്ലൂബറി, കിന്നൗരിൽ നിന്നുള്ള പൈൻ നട്ട്‌സ്, സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള മക്കാദമിയ എന്നിവയാണ് എക്‌സോട്ടികിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ഇതിന് പുറമേ 24 കാരറ്റ് സ്വർണവും ഇതിലേക്ക് ചേർക്കാറുണ്ട്. ഒരു കിലോ എക്‌സോട്ടിക് വാങ്ങണമെങ്കിൽ നിലവിൽ 56,000 രൂപയാണ് വിലയായി നൽകേണ്ടിവരിക. സ്വർണത്തിന്റെയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും വില ഉയരുന്നതിന് അനുസരിച്ച് എക്‌സോട്ടികയുടെ വിലയിൽ വ്യത്യാസം വരും.
2009 മുതലാണ് ഈ മധുര പലഹാരം ഇന്ത്യയിൽ നിർമ്മിക്കാൻ ആരംഭിച്ചത്. 10 ഗ്രാം ആയിരുന്നു ആദ്യം നിർമ്മിച്ചത്. പിന്നീട് ഇതിന് ആവശ്യക്കാർ ഉയരുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് നിർമ്മിക്കുന്നുണ്ട് എങ്കിലും ലക്‌നൗ ആണ് എക്‌സോട്ടികയുടെ കേന്ദ്രം.
Discussion about this post