ബെയ്റൂത്ത് : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഭീഷണിയുമായി പുതിയ ഹിസ്ബുള്ള തലവൻ. നെതന്യാഹു ഇപ്പോഴും ജീവിച്ചിരിക്കുന്നത് മരിക്കാനുള്ള സമയം ആയിട്ടില്ലാത്തതിനാൽ ആണെന്ന് ഹിസ്ബുള്ളയുടെ പുതിയ സെക്രട്ടറി ജനറൽ നഈം ഖാസിം തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. ഒരിക്കൽ ഒരു ഇസ്രായേലി തന്നെ അയാളെ കൊല്ലും എന്നും നഈം ഖാസിം സൂചിപ്പിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഹിസ്ബുള്ള ഡ്രോൺ അറ്റാക്ക് നടത്തിയെന്ന റിപ്പോർട്ടുകളെ ഉദ്ധരിച്ചാണ് നഈം ഖാസിം ഇക്കാര്യം സൂചിപ്പിച്ചത്. ഇപ്പോൾ നെതന്യാഹുവിന്റെ കിടപ്പറ വരെ തങ്ങളുടെ ഡ്രോൺ എത്തി. എന്നിട്ടും അയാളുടെ ജീവൻ രക്ഷപ്പെട്ടത് സമയമായിട്ടില്ലാത്തതിനാൽ ആണ്. എന്നാൽ വൈകാതെ തന്നെ അയാൾ കൊല്ലപ്പെടും. ചിലപ്പോൾ അതൊരു പ്രസംഗത്തിനിടയ്ക്ക് പോലും ആയേക്കാം എന്നും ഹിസ്ബുള്ള തലവൻ ഭീഷണി മുഴക്കി.
ഏതാനും ദിവസം മുമ്പാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സിസെറിയയിലെ സ്വകാര്യ വസതിക്കുനേരെ ഡ്രോൺ ആക്രമണം ഉണ്ടായത്. ലെബനനിലെ ഗ്രാമങ്ങൾക്കും നഗരങ്ങൾക്കും എതിരെ ബോംബ് ആക്രമണം നടത്തിയത് കൊണ്ട് നമ്മൾ പിന്മാറില്ല എന്ന് അവർ മനസ്സിലാക്കി. ഹിസ്ബുള്ള തന്നെ ലക്ഷ്യമിടുന്നു എന്നുള്ളത് നെതന്യാഹുവിനെ ഏറെ ഭീതിയിൽ ആക്കിയിട്ടുണ്ട് എന്ന് നമ്മുടെ നയതന്ത്ര കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട് എന്നും പുതിയ ഹിസ്ബുള്ള തലവൻ നഈം ഖാസിം വ്യക്തമാക്കി.
Discussion about this post