ഹൈദരാബാദ്: ഭക്ഷ്യ വിഷബാധയുടെ കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മയോണൈസ് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്. തെലങ്കാന സർക്കാരാണ് നിർണായകമായ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പച്ചമുട്ടയില്‍ നിന്ന് നിര്‍മിക്കുന്ന മയോണൈസിന് ഒരു വര്‍ഷത്തേക്കാണ് തെലങ്കാന സര്‍ക്കാര്‍ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ബുധനാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നു. നിലവിൽ ഒരു വര്‍ഷത്തേക്കാണ് നിരോധനം. അതേസമയം മുട്ടയില്‍ നിന്നല്ലാത്ത മയോണൈസ് ഉണ്ടാക്കാന്‍ നിയമതടസ്സങ്ങൾ ഉണ്ടാകില്ല.
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ പെരുകുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.കഴിഞ്ഞ ദിവസമാണ് ഹൈദരാബാദ് നഗരത്തില്‍ മോമോസ് കഴിച്ചതിനെ തുടര്‍ന്ന് ഒരാളുടെ ജീവന്‍ നഷ്ടപ്പെടുകയും നിരവധിപേര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തത്. ഇതേത്തുടര്‍ന്ന് പരാതികളും അന്വേഷണവും വ്യാപകമാക്കിയിരുന്നു.
കേരളത്തിലും ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളില്‍ നിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുകയും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമാണ്.തെലങ്കാനയുടെ മാതൃക പിന്തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളും സമാനമായ നിരോധനത്തിലേക്ക് പോകുമോയെന്നാണ് വരും ദിവസങ്ങളില്‍ അറിയേണ്ടത്.
Discussion about this post