ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും തമ്മിലുള്ള ചർച്ചകൾ തുടരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ചില മേഖലകൾ സംബന്ധിച്ച് ഇപ്പോഴും അവ്യക്തതകൾ ഉണ്ട്. പരസ്പര സമ്മതം ഉണ്ടെങ്കിൽ മാത്രമേ ഈ മേഖലകളിലെ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളൂ. അതിനാൽ ചർച്ചകൾ തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയോടെ കിഴക്കൻ ലഡാക്കിലെ സൈനികരുടെ പിൻവാങ്ങൽ പൂർത്തിയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.
2020 ന് മുൻപുള്ള സാഹചര്യത്തിനായി ഇനിയും ഇന്ത്യയും ചൈനയും തമ്മിൽ ചർച്ചകൾ ആവശ്യമാണ്. പട്രോളിംഗിനുള്ള പൂർണ അവകാശങ്ങൾ ലഭിക്കണമെങ്കിൽ ഇരു രാജ്യങ്ങളും പരസ്പരം ധാരണയിൽ എത്തണം. പ്രത്യേകിച്ചും പരമ്പരാഗത മേഖലകളിൽ. സൈനിക പിന്മാറ്റം മാത്രമല്ല ഇന്ത്യയുടെ ആവശ്യം. ഈ ആവശ്യങ്ങൾ നടപ്പിലാകണം എങ്കിൽ അതിന് ഇനിയും സമയം ആവശ്യമാണ്. ഇന്ത്യയും ചൈനയും ഇനിയും പല വിഷയങ്ങളിലും ധാരണയിൽ എത്തേണ്ടത് ഉണ്ടെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച മുതലായിരുന്നു ഇന്ത്യയും ചൈനയും കിഴക്കൻ ലഡാക്കിൽ നിന്നും പിൻവാങ്ങാൻ ആരംഭിച്ചത്. ടെന്റുകളും താത്കാലിക നിർമ്മിതികളും പൊളിച്ചുമാറ്റിയ ഇരു വിഭാഗം സൈന്യവും സൈനികരെയും തിരിച്ച് വിളിച്ചിരുന്നു. ഇന്നലെയാണ് ഈ നടപടികളെല്ലാം ഇന്ത്യയും ചൈനയും പൂർത്തിയാക്കിയത്. വരും ദിവസങ്ങളിൽ ധാരണ പ്രകാരം ഇരുരാജ്യങ്ങളും പ്രദേശത്ത് പട്രോളിംഗ് ആരംഭിക്കും.
ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെയാണ് ഇന്ത്യയും ചൈനയും കിഴക്കൻ ലഡാക്കിൽ നിന്നും സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ച് ധാരണയിൽ എത്തിയത്. ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് സൈനിക പിന്മാറ്റം സംബന്ധിച്ച് ധാരണയായത്.
Discussion about this post