വാഷിംഗ്ടൺ; നമ്മുടെ നിത്യഹരിതനായകൻ ജയനെ പോലെ അരയിലൊരു കിടിലൻ ബെൽറ്റുമായി നിൽക്കുന്ന സൂര്യന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡാവുന്നു. എന്താണ് സൂര്യന്റെ ഈ കിടിലൻ ഫോട്ടോയ്ക്ക് പിന്നിലുള്ള പ്രതിഭാസമെന്ന് ചോദിക്കുകയാണ് ആളുകൾ. ഇന്റർനാഷണൽ സ്പെയ്സ് സ്റ്റേഷൻ സൂര്യന് മുന്നിലൂടെ പോയപ്പോൾ എടുത്ത നിരവധി ഫോട്ടോകൾ സംയോജിപ്പിച്ചുണ്ടാക്കിയ അതിമനോഹരമായ കാഴ്ച്ചയാണ് യഥാർത്ഥത്തിൽ ഇത്.
പ്രശസ്ത ഫോട്ടോഗ്രാഫറായ മിഗിവൽ ക്ലാരോ തന്റെ അപ്പോളോ എം മാക്സ് ക്യാമറയിൽ പകർത്തിയതാണിത് ഇന്റർനാഷണൽ സ്പെയ്സ് സ്റ്റേഷൻ അതിവേഗം സഞ്ചരിക്കുന്നതിനാൽ വെറും അര സെക്കന്റ് മാത്രമാണ് സൂര്യന്റെ മുന്നിൽ വരിക. അത് നോക്കിയിരുന്നു വളരെ ഉയർന്ന ഷട്ടർ വേഗതയിൽ ഫോട്ടോ എടുക്കുക എന്നതാണ് ശ്രമകരമായ ജോലി. എന്തായാലും ക്ലാരോക്ക് തന്റെ പണി വൃത്തിയായി ചെയ്തു എന്നതിന്റെ തെളിവാണ് ഈ മനോഹരമായ ഫോട്ടോ.
സെക്കൻഡിൽ 109 ചിത്രങ്ങൾ പകർത്താൻ കഴിവുള്ള ക്യാമറ ഉപയോഗിച്ച്, ഭൂമിയിൽ നിന്ന് ഏകദേശം 274 മൈൽ (441.5 കിലോമീറ്റർ) അകലെയുള്ള ബഹിരാകാശത്ത് സെക്കൻഡിൽ 4.5 മൈൽ (സെക്കൻഡിൽ 7.31 കിലോമീറ്റർ) വേഗതയിൽ ഐഎസ്എസിന്റെ ഒന്നിലധികം ചിത്രങ്ങൾ അദ്ദേഹം പകർത്തുകയായിരുന്നു.
‘ഓരോ 90 മിനിറ്റിലും ഇന്റർനാഷണൽ സ്പെയ്സ് സ്റ്റേഷൻ ഭൂമിയെ ചുറ്റിയുള്ള ഒരു ഭ്രമണപഥം പൂർത്തിയാക്കുന്നു,’ ക്ലാരോ വിശദീകരിക്കുന്നു.ബഹിരാകാശയാത്രികരെ വഹിച്ചുകൊണ്ട്, നമ്മുടെ ഗ്രഹത്തെ ഭ്രമണം ചെയ്യുന്ന വലിയ കൃത്രിമ ഉപഗ്രഹത്തിന് 356 അടി (108.5 മീറ്റർ) വീതിയുണ്ട്.
Discussion about this post