ഇരുനൂറിലധികം സ്പീഷിസുകൾ അടങ്ങുന്ന ഒരു ഇരപിടിയൻ പക്ഷിവർഗ്ഗമാണ് മൂങ്ങ അഥവാ കൂമൻ. മിക്കവയും ഏകാന്ത ജീവിതം നയിക്കുന്നവയും പകൽ വിശ്രമിച്ച് രാത്രി ഇരപിടിക്കുന്നവയുമാണ്. എന്നാൽ മൂങ്ങയെ ചുറ്റിപ്പറ്റി പല വിശ്വാസങ്ങളും ഉണ്ട്. മൂങ്ങയെ കണ്ടാൽ പ്രേതം വരുമെന്നും പ്രേതം തന്നെ മൂങ്ങയുടെ വേഷത്തിൽ വരുമെന്നൊക്കെ നാം കേട്ടുകാണും.
എന്നാൽ ദീപാവലിക്ക് ഒരു മാസം മുൻപ് കരിഞ്ചന്തകളിൽ മൂങ്ങകളുടെ വില ഏകദേശം 10,000 മുതൽ 50,000 രൂപ വരെയായിരുന്നുവത്രേ. അതുകൊണ്ടുതന്നെ ദീപാവലി സീസണിൽ മൂങ്ങകളെ പിടിക്കാൻ വേണ്ടി ആളുകൾ പോകാറുണ്ട്. മൂങ്ങകളുടെ തലയോട്ടി, തൂവൽ, നഖങ്ങൾ, ഹൃദയം, കണ്ണ്, ചെവിയുടെ ഭാഗത്തുള്ള ചെറിയ തൂവൽ, കരൾ, കണ്ണുനീർ, മുട്ടത്തോട്, മാംസം, എല്ല്, രക്തം എന്നിവ മന്തവാദത്തിനും കൂടോത്രത്തിനും ഉപയോഗിക്കാറുണ്ടത്രേ. ദീപാവലി ദിനത്തിൽ മൂങ്ങയെ ബലിയർപ്പിച്ചാൽ മഹത്തായ ശക്തി ലഭിക്കുമെന്നാണ് ചിലരുടെ വിശ്വാസം. അതിനാലാണ് ഈ സമയത്ത് വലിയ രീതിയിൽ മൂങ്ങകളെ കരിഞ്ചന്തയിൽ വിൽക്കുന്നത്. എന്നാൽ മൂങ്ങകളെ വിൽക്കുന്നതും വാങ്ങുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ 1, 1972 പ്രകാരം ഇന്ത്യയിൽ കാണുന്ന മൂങ്ങകളെ വേട്ടയാടുന്നതോ വിൽക്കുന്നതോ നിയമവിരുദ്ധമാണ്.
ഓലറ്റ് ഗ്ലോസിഡിയം കുക്കുലോയ്ഡുക്കൾ, ബേൺ ഓൾ ടൈറ്റോ ആൽബ, ബ്രൗൺ ഫിഷ് ഓൾ കെറ്റുപ സെയ്‌ലോനെൻസിസ്, ബ്രൗൺ ഹോക്ക് ഓൾ നിനോക്‌സ് സ്‌കുറ്റുലാറ്റ തുടങ്ങിയ നിരവധി ഇനത്തിൽപ്പെട്ട മൂങ്ങകളെ കരിഞ്ചന്തകളിൽ വിൽപന നടത്തുന്നതായാണ് വിവരം.
ഒരു മാസത്തോളം മൂങ്ങയെ വീട്ടിൽ പാർപ്പിക്കുകയും ദീപാവലി ദിവസം രാത്രി ഇറച്ചിയും മദ്യവും അതിന് നൽകിയ ശേഷം ബലിയർപ്പിക്കുന്നു. മൂങ്ങയുടെ കാലുകൾ വീട്ടിൽ സുരക്ഷിതമായി സൂക്ഷിച്ച് വയ്ക്കാറുമുണ്ട്.
Discussion about this post