ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ ക്ഷേത്രത്തിന് സമീപത്ത് നിന്നും റോക്കറ്റ് ലോഞ്ചർ കണ്ടെടുത്ത് പോലീസ്. അണ്ടനല്ലൂർ ക്ഷേത്രത്തിൽ കാവേരി നദിയ്ക്ക് സമീപത്ത് നിന്നായിരുന്നു റോക്കറ്റ് ലോഞ്ചർ കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ഭക്തർ കാൽ കഴുകുന്നതിനായി നദിയുടെ കരയിലേക്ക് പോയിരുന്നു. ഈ സമയത്ത് ആയിരുന്നു റോക്കറ്റ് ലോഞ്ചർ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ വിവരം ക്ഷേത്രം അധികൃതരെ അറിയിക്കുകയായിരുന്നു. നീലയും കറുപ്പും ആണ് ഇതിന്റെ നിറം.
ആദ്യം ഇത് ബോംബ് ആണെന്നായിരുന്നു അധികൃതർ തെറ്റിദ്ധരിച്ചത്. ഇതോടെ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്ത് എത്തിയ ശേഷം നടത്തിയ പരിശോധനയിൽ ഇത് റോക്കറ്റ് ലോഞ്ചർ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇത് സുരക്ഷിതമായി സൈന്യത്തിന് കൈമാറി.
ക്ഷേത്രത്തിന് സമീപം റോക്കറ്റ് ലോഞ്ചർ എങ്ങനെ എത്തി എന്നത് സംബന്ധിച്ച് വ്യക്തയില്ല. ആരെങ്കിലും കൊണ്ടുവന്നിട്ടതാണോയെന്ന് പരിശോധിച്ചുവരികയാണ്. ആരെങ്കിലും കുഴിച്ചുമൂടിയതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post