ഹൈദരാബാദ്: കാന്താരയ്ക്ക് ശേഷം ഹനുമാനായി വെള്ളിത്തിരയെ ഞെട്ടിയ്ക്കാൻ ഋഷഭ് ഷെട്ടി. പുതിയ ചിത്രം ജയ് ഹനുമാന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ താരം പുറത്തുവിട്ടു. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
ശ്രീരാമന്റെ വിഗ്രഹം കൈകൊണ്ട് നെഞ്ചോട് ചേർത്ത് പിടിച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രത്തോട് കൂടിയാണ് പോസ്റ്റർ. ചിത്രത്തിൽ ഹനുമാനായിട്ടാണ് ഋഷഭ് എത്തുന്നതെന്ന് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ വ്യക്തമാക്കുന്നു. സൂപ്പർ ഹിറ്റ് ചിത്രമായ ഹനുമാന്റെ രണ്ടാം ഭാഗമാണ് ജയ് ഹനുമാൻ.
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് ജയ് ഹനുമാൻ. പുഷ്പ, ജനത ഗാരേജ്, രംഗസ്ഥലം തുടങ്ങിയ ഹിറ്റ് സിനിമകൾ നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് ജയ് ഹനുമാന്റെ നിർമ്മാതാക്കൾ. ചിത്രത്തിൽ ഋഷഭിന്റെ കഥാപാത്രത്തെക്കുറിച്ചുളള വിവരം മാത്രമാണ് അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്. മറ്റ് താരങ്ങളെക്കുറിച്ചോ അവരുടെ വേഷങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
40 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഹനുമാൻ ഈ വർഷമായിരുന്നു റിലീസ് ചെയ്തത്. ഈ ചിത്രം 350 കോടിയോളം രൂപ നേടി. തെലുങ്കിലെ ഈ വർഷത്തെ വിജയചിത്രം കൂടിയായിരുന്നു ഇത്.
Discussion about this post