ന്യൂഡൽഹി: ആദ്യ അനലോക് ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ച് ബഹിരാകാശ ഗവേഷണ ചരിത്രമെഴുതി ഭാരതം. ലഡാക്കിലെ ലേയിലാണ് പുതിയ ദൗത്യത്തിന് ഐഎസ്ആർഒ തുടക്കമിട്ടത്. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ പുതിയ തുടക്കം.
ഭൂമിയ്ക്ക് പുറത്തുള്ള ജീവനെയും ജീവിതത്തെയും കുറിച്ച് പഠിക്കുന്നതിന് വേണ്ടിയുള്ളതാണ് അനലോഗ് സ്‌പേസ് മിഷൻ. ചന്ദ്രനിലും ചൊവ്വയിലും മനുഷ്യവാസത്തിനുള്ള സാദ്ധ്യതകളാണ് ഈ ദൗത്യത്തിൽ പഠന വിധേയം ആക്കുന്നത്.
ലഡാക്ക് ഓട്ടോനോമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെ സഹകരണത്തോടെ ഐഎസ്ആർഒയുടെ ഹ്യൂമൻ സ്‌പേസ്ഫ്‌ളൈറ്റ് സെന്റർ, എഎകെഎ സ്‌പേസ് സ്റ്റുഡിയോ, യൂണിവേഴ്‌സിറ്റി ഓഫ് ലഡാക്ക്, ഐഐടി മുംബൈ എന്നിവർ സംയുക്തമായാണ് ദൗത്യം നടപ്പിലാക്കുന്നത്. മനുഷ്യരെ ബഹിരാകാശത്തേയ്ക്ക് അയക്കുന്നതിനും, ഗ്രഹങ്ങളിൽ പര്യവേഷണം നടത്തുന്നതിനുമുള്ള കഴിവ് വർദ്ധിപ്പിക്കുകയാണ് ഈ ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
ഭൂപ്രകൃതിയുടെ സവിശേഷത കണക്കിലെടുത്താണ് ദൗത്യത്തിനായി സംഘം ലഡാക്ക് തിരഞ്ഞെടുത്തത്. ചൊവ്വയുടെയും ചന്ദ്രന്റെയും ഉപരിതലവുമായി ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ പ്രദേശമാണ് ലേ. ഇത് വിവരങ്ങളുടെ ലഭ്യതയു അപഗ്രഥനവും എളുപ്പമാക്കും. ഇതിന് പുറമേ പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കാനും ഈ പ്രദേശം സഹായകരമാണ്. ദീർഘനാൾ നീണ്ടു നിൽക്കുന്ന ദൗത്യങ്ങൾക്കും യോജിച്ച പ്രദേശമാണ് ലേ.
Discussion about this post