തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്.
എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ നടക്കും. പരീക്ഷ രാവിലെ 9.30 ന് ആരംഭിക്കും. ഏപ്രിൽ 8നാണ് മൂല്യ നിർണയ ക്യാമ്പ് തുടങ്ങുക. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും. ഇത്തവണ 4,48,951 പേരാണ് എസ്എസ്എൽഎസിക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ മാർച്ച് 6-29 തീയതികളിൽ നടക്കും. ഇതേ വിഭാഗത്തിൽ രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 3 – 26 തീയ്യതികളിലും നടക്കും.
Discussion about this post