ലക്‌നൗ: താൻ പാചകം ചെയ്യാനായി വാങ്ങിയ ഉരുളക്കിഴങ്ങ് മോഷണം പോയതായി പരാതിപ്പെട്ട് യുവാവ്. ഉത്തർപ്രദേശിലെ ഹർദോയിലാണ് സംഭവം. 250 ഗ്രാം ഉരുളക്കിഴങ്ങ് മോഷണം പോയെന്ന് പറഞ്ഞ് പോലീസിനെ യുവാവ് വിളിച്ചുവരുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പോലീസിൻറെ എമർജൻസി നമ്പറിൽ കോൾ ലഭിക്കുകയായിരുന്നു. മോഷണം നടന്നെന്ന വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുമ്പോൾ മദ്യലഹരിയിലുള്ള പരാതിക്കാരനെയാണ് കണ്ടത്. താൻ 250 ഗ്രാം ഉരുളക്കിഴങ്ങ് വാങ്ങിയിരുന്നെന്നും തൊലി കളഞ്ഞ് പാചകം ചെയ്യാൻ വീട്ടിൽ വെച്ച ശേഷം മദ്യപിക്കാൻ പുറത്തുപോയെന്നും ഇയാൾ പറഞ്ഞു. പിന്നീട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഉരുളക്കിഴങ്ങിനെ കാണാതായെന്നും ഇയാൾ പറയുന്നു.
ഇയാളുടെ വേവലാതികൾ കേട്ട പോലീസ് വീഡിയോ പകർത്തുകയും സോഷ്യൽമീഡിയയിൽ അപ്ലോഡ് ചെയ്യുകയുമായിരുന്നു. താൻ മദ്യപിച്ചിട്ടുണ്ടെന്ന് സമ്മതിച്ച യുവാവ് തന്റെ പേര് വിജയ് വർമ എന്നാണെന്നും പറയുന്നു. ഉരുളക്കിഴങ്ങ് മോഷണത്തിന്റെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് ഇയാൾ പോലീസിനോട് ആവശ്യപ്പെടുന്നത്.
സ്വന്തം പണം കൊണ്ടാണ് മദ്യപിക്കുന്നതെന്നും അതിന് ആരോടും കാശ് ചോദിക്കാറില്ലെന്നും യുവാവ് പോലീസിനോട് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ യുവാവിന്റെ എല്ലാ കാര്യങ്ങളും ക്ഷമയോടെ കേൾക്കുന്നുണ്ടെങ്കിലും ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
Discussion about this post