ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ മറ്റൊരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന. ശ്രീനഗർ ജില്ലയിലെ ഖൻയാർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. ഏറ്റുമുട്ടലിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്കും രണ്ട് പോലീസുകാർക്കും പരിക്കേറ്റു.
രാവിലെ മുതലാണ് ഖൻയാറിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. തുടർന്ന് വിവരം ലഭിച്ച ജനവാസ മേഖലയിൽ പരിശോധന ആരംഭിച്ചു. ഇതിനിടെ വീടിനുള്ളിൽ മറഞ്ഞിരുന്ന ഭീകരൻ വെടിയുതിർക്കുകയായിരുന്നു. ശക്തമായി തിരിച്ചടിച്ച സുരക്ഷാ സേന ഭീകരനെ വളഞ്ഞു. തുടർന്ന് ഇയാളെ പിടികൂടാനുള്ള ശ്രമത്തിൽ ആയിരുന്നു.
പാകിസ്താൻ ഭീകരനാണ് ഇയാൾ എന്നാണ് സുരക്ഷാ സേന അറിയിക്കുന്നത്. ഇയാളെ തിരിച്ചറിയാനുള്ള കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണ്. കശ്മീരിൽ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിക്കുന്ന മൂന്നാമത്തെ ഭീകരൻ ആണ് ഇയാൾ. അനന്തനാഗ് ജില്ലയിൽ ആയിരുന്നു രണ്ട് ഭീകരരെ വധിച്ച ഏറ്റുമുട്ടൽ ഉണ്ടായത്.
അതേസമയം പരിക്കേറ്റ സുരക്ഷാ സേനാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post