പാലക്കാട്: ഷൊര്‍ണൂരില്‍ ശനിയാഴ്ച വൈകുന്നേരമാണ് ട്രെയിന്‍ തട്ടി നാല് തമിഴ്നാട് സ്വദേശികളുടെ ജീവന്‍ പൊലിഞ്ഞ ദാരുണമായ സംഭവമുണ്ടായത്. റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം നീക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന തമിഴ്‌നാട് വിഴുപുരം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരായിരുന്നു മരിച്ചത്.
ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് കേരള എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ്. ടെയിന്‍ വളവു തിരിഞ്ഞ ഉടനെയാണ് റെയില്‍വേ പാലത്തില്‍ ആളുകളെ കണ്ടത്. അത് വളരെ അപ്രതീക്ഷിതമായിരുന്നു. പലതവണ ഹോണ്‍ അടിച്ചു. എമര്‍ജന്‍സി ഹോണും മുഴക്കി. പക്ഷേ, അവര്‍ വളരെ അടുത്തായിരുന്നു. അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. എനിക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല ലോക്കോ പൈലറ്റ് പറഞ്ഞു.
ഷൊര്‍ണൂര്‍ റെയില്‍വേ പാലത്തില്‍വെച്ച് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസ് ഇടിച്ചായിരുന്നു അപകടം. ശനിയാഴ്ച വൈകീട്ട് 3.45-ഓടെയായിരുന്നു സംഭവം.
ട്രെയിന്‍വരുന്നത് കണ്ട് പാലത്തിലുണ്ടായിരുന്നവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞില്ലെന്നാണ് പ്രാഥമികവിവരം. മൂന്നുപേരെ ട്രെയിന്‍ ഇടിച്ചിടുകയും മറ്റൊരാള്‍ പുഴയിലേക്ക് വീഴുകയുമായിരുന്നു.
Discussion about this post