ആലപ്പുഴ : ആലപ്പുഴയിൽ ഇടിമിന്നലേറ്റ് ഒരു സ്ത്രീ മരിച്ചു. ആലപ്പുഴ വീയപുരത്താണ് ഇടിമിന്നൽ അപകടം ഉണ്ടായത്. ആനാരി വലിയ പറമ്പിൽ ശ്യാമള (58) ആണ് മരിച്ചത്. വയലിന് സമീപം വെച്ചാണ് ഇടിമിന്നൽ ഏറ്റത്. ജോലി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു ശ്യാമളയ്ക്ക് ഇടിമിന്നലേറ്റത്.
വീയപുരം വിത്ത് ഉൽപാദന കേന്ദ്രത്തിലെ പുഞ്ചയിൽ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. ഇന്ന് കേരളത്തിലെ പല ജില്ലകളിലും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് ഉണ്ടായത്. തുലാവർഷത്തോട് അനുബന്ധിച്ചുണ്ടാകുന്ന ഇടിമിന്നൽ ഏറെ അപകടകാരി ആയതിനാൽ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.
നവംബർ 2 മുതൽ 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുള്ളത്. ഇടിമിന്നൽ അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് മുന്നറിയിപ്പ് സൂചിപ്പിക്കുന്നു. തുറസായ സ്ഥലങ്ങളിലോ വൃക്ഷങ്ങളുടെ ചുവട്ടിലോ നിൽക്കുന്നത് ഒഴിവാക്കുകയും വീട്ടിനുള്ളിൽ ഇലക്ട്രിക് ഉപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്യേണ്ടതാണ്. കൂടാതെ ഇടിമിന്നലുള്ള സമയത്ത് ഫോൺ ഉപയോഗിക്കുക, പട്ടം പറത്തുക, വീടുകളുടെ ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ നിൽക്കുക, ടാപ്പിൽ നിന്നും വെള്ളം തുറന്നുവിട്ട് കുളിക്കുക, വാതിൽ, ജനൽ എന്നിവയ്ക്ക് സമീപമോ തുറസ്സായ സ്ഥലത്തോ ഇരിക്കുക എന്നീ കാര്യങ്ങൾ ഒഴിവാക്കേണ്ടതാണ്.
Discussion about this post