കാസറകോഡ് : നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നവരിൽ ഒരാൾ മരിച്ചു. ചോയ്യംകോട് കിനാനൂര്‍ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്. വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച
വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
കാസറകോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ആദ്യദിനത്തിലാണ് അപകടം നടന്നത്. കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ വെടിപ്പുരക്ക് തീപിടിക്കുകയായിരുന്നു.
രാത്രി 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ പടക്കങ്ങൾ സൂക്ഷിച്ചിരുന്ന കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് വീഴുകയായിരുന്നു. പടക്കശേഖരം സൂക്ഷിച്ചിരുന്ന സ്ഥലവും വെടിക്കെട്ട് നടത്തിയ സ്ഥലവും തമ്മിലുള്ള ദൂരം വെറും മൂന്നരയടി മാത്രമായിരുന്നു. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങ് പുരോഗമിക്കുന്നതിനിടെ നടന്ന അപകടത്തിൽ 150ലേറെ പേർക്കാണ് പരിക്കേറ്റത്.
Discussion about this post