ന്യൂഡൽഹി: രാജ്യാർത്തിയിൽ പഴുതടച്ച സുരക്ഷ ഉറപ്പാക്കി ഇന്ത്യൻ സൈന്യം. രാജ്യത്തെ ഏറ്റവും ഉയരംകൂടിയ എയർഫീൽഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. കിഴക്കൻ ലഡാക്കിലെ മുദ്- ന്യോമയിലാണ് പുതിയ എയർഫീൽഡ് രാജ്യം നിർമ്മിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സമുദ്രനിരപ്പിൽ നിന്നും 13,700 അടിയാണ് ഈ എയർഫീൽഡ് സ്ഥിതി ചെയ്യുന്നത്. ഇന്തോ- ചൈന അതിർത്തിയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മേഖലയിലെ സുരക്ഷ കൂടുതൽ ശക്തമാക്കുന്ന ലക്ഷ്യമിട്ടായിരുന്നു ഇതിന്റെ നിർമ്മാണം. എയർഫീൽഡ് സജ്ജമായതോടെ ഇനി ലഡാക്കിൽ സൈനിക നീക്കങ്ങൾ ഇന്ത്യയ്ക്ക് കൂടുതൽ എളുപ്പമാകും. കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന മേഖലകളിൽ ഒന്ന് കൂടയാണ് ഈ പ്രദേശം.
2021 ലാണ് പ്രദേശത്ത് എയർഫീൽഡിൻന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ചൈനയിൽ നിന്നും പാകിസ്താനിൽ നിന്നും ഭീഷണി ശക്തമായ പശ്ചാത്തലത്തിൽ ആയിരുന്നു ഇത്. 214 കോടി രൂപയാണ് പുതിയ എയർഫീൽഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവ് വന്നത്.
ഗാൽവൻ താഴ്‌വരയിൽ 2020 ൽ ഇന്ത്യ- ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷം ആയിരുന്നു പുതിയ എയർഫീൽഡിന്റെ നിർമ്മാണത്തിലേക്ക് വഴിവച്ചത്. ഗാൽവൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന് പിന്നാലെ ലഡാക്കിൽ ഇന്ത്യ പല നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ഇതിൽ ഒന്നായിരുന്നു എയർഫീൽഡ്. വളരെ വേഗത്തിൽ ആണ് പുതിയ എയർഫീൽഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.
Discussion about this post