റാഞ്ചി : ഝാർഖണ്ഡിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഞായറാഴ്ച റാഞ്ചിയിൽ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് സങ്കല്പ് പത്ര പുറത്തിറക്കൽ ചടങ്ങിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഝാർഖണ്ഡിൽ നുഴഞ്ഞുകയറിയിട്ടുള്ള മുഴുവൻ ബംഗ്ലാദേശികളെയും ഒരാൾ വിടാതെ സംസ്ഥാനത്തു നിന്നും തുരത്തുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
ഝാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിന്റെ 25 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി 25 പ്രമേയങ്ങളുടെ ഒരു രൂപരേഖയും അമിത് ഷാ ചടങ്ങിൽ അവതരിപ്പിച്ചു. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമ്പോൾ ആദിവാസി വിഭാഗത്തെ പൂർണമായും സംരക്ഷിക്കുന്ന നിലയിൽ ആയിരിക്കും നടപ്പിലാക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ഏകീകൃത സിവിൽ കോഡ് ആദിവാസി വിഭാഗത്തിന് ബാധകം ആയിരിക്കില്ല എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചു.
ആദിവാസി സമൂഹങ്ങളുടെ വ്യക്തിത്വവും പൈതൃകവും പൂർണമായും സംരക്ഷിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്. നുഴഞ്ഞുകയറ്റക്കാർ കൈവശപ്പെടുത്തിയ എല്ലാ ഭൂമിയും ആദിവാസി വിഭാഗങ്ങൾക്ക് തിരികെ നൽകും. കൂടാതെ ഗോ ഗോ ദീദി പദ്ധതി പ്രകാരം എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2,100 രൂപ വീതം ബിജെപി സർക്കാർ അധികാരത്തിൽ എത്തിയാൽ നൽകുമെന്നും അമിത് ഷാ ഝാർഖണ്ഡിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു.
Discussion about this post