ന്യൂഡൽഹി : വഖഫ് ഭൂമി അവകാശവാദങ്ങളിൽ അംബാനിക്കും രക്ഷയില്ല. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിയായ ‘ആൻ്റിലിയ’ മുസ്ലിം സ്വത്ത് കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡിൻ്റെ ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. പരിഷ്‌കാരങ്ങളുടെ പേരിൽ വഖഫ് ബോർഡുകൾ ഇല്ലാതാക്കാൻ കഴിയില്ലെന്ന് നരേന്ദ്രമോദി ഓർക്കണം എന്നും ഒവൈസി വെല്ലുവിളിച്ചു.
ഹൈദരാബാദിൽ നിന്നുള്ള മുസ്ലിം രാഷ്ട്രീയ കക്ഷിയായ ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) മേധാവിയാണ് അസദുദ്ദീൻ ഒവൈസി. മുകേഷ് അംബാനിയുടെ വസതി സ്ഥിതിചെയ്യുന്നത് വഖഫ് ബോർഡിന്റെ ഭൂമിയിലാണ് എന്ന പുതിയ വാദമാണ് ഇപ്പോൾ ഒവൈസി ഉയർത്തിയിരിക്കുന്നത്. വഖഫ് സ്വത്തുക്കളുടെ പേരിൽ മുസ്ലീം സമുദായം അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നു എന്നുള്ളത് ആർഎസ്എസും ബിജെപിയും ഉയർത്തുന്ന വെറും ആരോപണം മാത്രമാണെന്നും ഒവൈസി അഭിപ്രായപ്പെട്ടു.
1895-ൽ കുറിംബോയ് ഇബ്രാഹിം എന്ന വ്യക്തി മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനായി ഒരു അനാഥാലയത്തിൻ്റെ നിർമ്മാണത്തിനായി നൽകിയതാണ് മുകേഷ് അംബാനിയുടെ വസതിയായ ആൻ്റിലിയ നിൽക്കുന്ന ഭൂമി എന്നാണ് വഖഫ് ബോർഡ് അവകാശപ്പെടുന്നത്. വഖഫ് നിയമത്തിന് കീഴിലുള്ള വഖഫ് സ്വത്തുക്കൾ വിൽക്കുന്നതിന് ബന്ധപ്പെട്ട വഖഫ് ബോർഡിൻ്റെ അനുമതി ആവശ്യമാണ്. എന്നാൽ ഈ നിയമം ലംഘിച്ചാണ് 2002ൽ മുകേഷ് അംബാനിക്ക് ഈ ഭൂമി വിൽപ്പന നടത്തിയത് എന്നാണ് ആരോപണമുള്ളത്. വില്പനയ്ക്ക് ശേഷം ഈ ഭൂമി തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോർഡ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും കേസ് തള്ളുകയായിരുന്നു.
Discussion about this post