മലപ്പുറം : മുനമ്പം വഖഫ് ഭൂമി വിവാദത്തിൽ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുനമ്പം വിഷയത്തിലെ മുസ്ലിം സംഘടനകളുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു എന്നാണ് നിലമ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയത്. മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ കോടതിക്ക് പുറത്തുവച്ച് പരിഹാരം കണ്ടെത്തണമെന്ന മുസ്ലിം സംഘടനകളുടെ നിലപാടിനെയാണ് ബിനോയ് വിശ്വം സ്വാഗതം ചെയ്തത്.
മുനമ്പത്ത് കുടുംബങ്ങളെ ആരും കുടിയൊഴിപ്പിക്കില്ല. അതിന് തങ്ങൾ അനുവദിക്കില്ല. ഈ വിഷയത്തിൽ ചിലർ വർഗീയവൽക്കരണത്തിന് ശ്രമിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം. അതിനാൽ പ്രശ്നപരിഹാരത്തിന് ഇടതുപക്ഷ സർക്കാർ തന്നെ മുൻഗണന നൽകും എന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
വയനാട്ടിൽ കോൺഗ്രസ്-ബിജെപി ഡീൽ നടക്കുന്നതായും ബിനോയ് വിശ്വം ആരോപിച്ചു. ബിജെപിയുടെ ഇലക്ടറൽ ബോണ്ടിലേക്ക് 170 കോടി രൂപ നൽകിയ ബിസിനസുകാരൻ ആണ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര. പ്രിയങ്ക ഗാന്ധി പത്രിക സമർപ്പണത്തിന് എത്തിയപ്പോൾ കെപിസിസി പ്രസിഡണ്ടിന് പോലും ഇടം നൽകാതെ റോബർട്ട് വദ്രയ്ക്കായിരുന്നു ഇടം നൽകിയത്. ഇതെല്ലാം കോൺഗ്രസ്-ബിജെപി ഡീൽ ആണ് തുറന്നു കാട്ടുന്നതെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
Discussion about this post